ന്യൂഡല്‍ഹി; പാലക്കാട് -തൃശൂര്‍ ദേശീയപാതയിലുള്ള കുഴികള്‍ അടച്ച് ഉടന്‍ പരിപാരം കാണുമെന്ന് ദേശീയപാത അതോറിറ്റി. ഗതാഗത കുരുക്കിനും, വാഹനപകടങ്ങള്‍ക്കും കാരണമായക്കുഴികളുടെ അറ്റകുറ്റപണിയാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക. അടുത്തമാസം 7 ന് പണി തുടങ്ങുമെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഉറപ്പ് കിട്ടിയത്.
ഇതിനായി 4.35 കോടി രൂപയുടെ ടെണ്ടര്‍ അംഗീകരിയ്ക്കും. സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹൈവ മാനേജ്മെന്റ് കമ്മറ്റി യോഗത്തിന്റേതാണ് തീരുമാനം.
നിലവിലെ കരാറുകാരായ കെഎംസി കണ്സ്ട്ക്ഷന് ലിമിറ്റഡിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ടെണ്ടര്‍ അംഗീകരിച്ചാല്‍ 45 ദിവസമെന്ന കാലപരിധി ചുരുക്കി അടിയന്തിര സാഹചര്യം പരിഗണിച്ച് 15 ദിവസത്തിനകം ടാറിംങ് ആരംഭിയ്ക്കാന്‍ അനുമതി നല്‍കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
മണ്ണുത്തി മുതല്‍ മുളയം വരെയുള്ള സ്ഥലങ്ങളിലെ രൂക്ഷമായ പൊടിശല്യം തടയാന്‍ നടപടിയെടുക്കണമെന്നും റോഡിലെ വലിയ കുഴിയടക്കലും, ടാറിംങ്ങും കാര്യക്ഷമമാക്കണമെന്നും, യോഗം ആവശ്യപ്പെട്ടു. അപകടത്തില്‍പ്പെടുന്ന വാഹനങ്ങലെ മാറ്റുന്നതിന് റിക്കവറി ക്രയിന്‍ സര്‍വ്വീസ് സംവിധാനം ദേശീയപാത അതോറിറ്റി നടപ്പില്‍ വരുത്തണം. പ്രശ്നങ്ങള്‍ക്ക് വേഗം പരിഹാരം കാണാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.