കൊച്ചി: ഗൃഹപാഠത്തിലെ ചോദ്യത്തിന് ഓസ്ട്രേലിയയില്‍ നിന്നുള്ള മലയാളി ബാലന്റെ ഞെട്ടിച്ചു കൊണ്ടുള്ള ഉത്തരമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? എന്നായിരുന്നു ചോദ്യം.
കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍നിന്ന് ആളുകളുടെ ജീവന് രക്ഷിച്ച പ്രശസ്തനായ മത്സ്യത്തൊഴിലാളിക്കൊപ്പം ഒരു ദിവസം ചിലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് അവരാണ് ശരിക്കുമുള്ള ഹീറോസ് എന്നാണ് ബാലന് നല്കിയ മറുപടി. ജോഷ്വ എന്നാണ് ഒമ്പതുവയസ്സുകാരനായ ഈ മിടുക്കന്റെ പേര്. ഇംഗ്ലീഷിന്റെ ഗൃഹപാഠത്തിന്റെ ചോദ്യത്തിനാണ് ജോഷ്വ ഈ ഉത്തരം നല്‍കിയത്.
ക്വീന്‍സ്ലാന്‍ഡിലെ ലേഡി ഓഫ് ലൂര്‍ദ്സ് കാത്തലിക് സ്കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാര്‍ത്ഥിയാണ് ജോഷ്വ. ഗൃഹപാഠത്തിന് ജോഷ്വ എഴുതിയ ചോദ്യത്തിന്റെ ഉത്തരം, ജോഷ്വയുടെ അമ്മയുടെ സഹോദരന് കോശി വൈദ്യന് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. നിരവധിയാളുകളാണ് ജോഷ്വയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ഓസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണ് ജോഷ്വയെന്നും കേരളത്തിലെ പ്രളയവാര്‍ത്തകള്‍ അവന് ശ്രദ്ധിച്ചിരുന്നതായും ഫേസ്ബുക്ക് കുറിപ്പില്‍ കോശി വൈദ്യന് പറയുന്നു.
സംസ്ഥാനത്തെ വലച്ച പ്രളയക്കെടുതിയില്‍ പ്രതീക്ഷിക്കാതെയുള്ള മാസ് എന്‍ട്രിയായിരുന്നു മത്സ്യതൊഴിലാളികളുടേത്. സ്വന്തം ജീവന് പണയം വെച്ചും മറ്റുള്ളവരുടെ ജീവന് വില്കല്പ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവര്‍. അവരെ രാജ്യം തന്നെ അഭിനന്ദിച്ചിരുന്നു. മുതുക് ചവിട്ടു പടിയായി നല്‍കിയും തളര്‍ന്നു വീഴുമ്പോഴും മറ്റു ജീവനുകളെ കരയ്ക്കടിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സ്വന്തം സൈന്യമെന്നാണ് സര്‍ക്കാര്‍ ഇവരെ വിശേഷിപ്പിച്ചത്. അതോടൊപ്പം ഇവര്‍ക്ക് ബിഗ് സല്യൂട്ട് നല്കി മുഖ്യമന്ത്രിയും ആദരിച്ചിരുന്നു.