കൊച്ചി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരള വിനോദസഞ്ചാര മേഖലയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് വിനോദസഞ്ചാരികളെത്തി. ടൂറിസം സീസണിലെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഓസ്ട്രേലിയലില്‍ നിന്നും യുകെയില്‍ നിന്നുമെത്തിയ 50 പേരാണ് വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വ്വ് പകര്‍ന്നത്. കേരളത്തിന്റെ തനതു ശൈലിയില്‍ നല്കിയ സ്വീകരണം വളരെ ഹൃദ്യമായി.
അന്താരാഷ്ട്ര ടൂറിസം കമ്പനിയായ ക്യാപ്റ്റന്‍സ് ചോയ്സ് ടൂര്‍സ് കമ്പനി ഇന്ത്യന്‍ ടൂര്‍ കമ്പനിയായ ഡിവൈന്‍ വോയേജുമായി ചേര്‍ന്നാണ് സഞ്ചാരികളെ എത്തിച്ചത്.ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ കഥകളിവേഷം ധരിച്ച കലാകാരനും കേരളീയ വേഷങ്ങളണിഞ്ഞ പെണ്‍കുട്ടികളും ചേര്‍ന്ന് മുല്ലപ്പൂ ചാര്‍ത്തിയും ചന്ദനം തൊടുവിച്ചും അതിഥികളെ സ്വീകരിച്ചു. കേരള ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ട്രാവല്‍ മാര്‍ട് പ്രതിനിധികളും കേരള ഹാറ്റ്സ് ഭാരവാഹികളും മറ്റ് സ്വകാര്യ ടൂര്‍ കമ്പനി അധികൃതരും സ്വീകരിക്കാനെത്തി.
ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ പി നന്ദകുമാര്‍, ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് വിജയകുമാര്‍, കേരള ഹാറ്റ്സ്സി പ്രഡന്റ് എംപി ശിവദത്തന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കൊച്ചിയിലെ താജ് മലബാറിലാണ് സഞ്ചാരികള്‍ക്കായി താമസസൗകര്യമൊരുക്കിയത്. തിങ്കളാഴ്ച ആലപ്പുഴയില്‍ ഹൗസ്ബോട്ട് സവാരി. പിറ്റേന്ന് ഗോവയിലേക്ക് തിരിക്കും. തുടര്‍ന്ന് ഉദയ്പൂര്‍, ജോധ്പൂര്‍, ആഗ്ര, വാരണസി, കൊല്‍ക്കൊത്ത എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇവര്തിരികെ മടങ്ങും. സഞ്ചാരികളുടെ വരവില്‍ ഏറെ സന്തോഷത്തിലാണ് കേരളത്തിലെ വിനോദസഞ്ചരമേഖല.