തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തതിനെതിരേ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. വടക്കഞ്ചേരിയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും കേസെടുക്കുന്നതായിരുന്നു ഉചിതമെന്നും വിഎസ് പറഞ്ഞു.
ജേക്കബ് വടക്കഞ്ചേരിയുടെ അറസ്റ്റ് പോലീസിന് ഒഴിവാക്കാമായിരുന്നു. അദ്ദേഹത്തിനെതിരേ കേസെടുക്കുന്നതായിരുന്നു ഉചിതം. തന്റെ അഭിപ്രായം പറഞ്ഞതിന് ഒരാളെ ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്നു. പ്രചാരണങ്ങളുടെ ശരിതെറ്റുകള്‍ ശാസ്ത്രീയമായി പരിശോധിച്ചുവേണം നിയമ നടപടിയെന്നും വി.എസ് പറഞ്ഞു.
അതേസമയം, വി.എസിന്റെ പരാമര്‍ശം തള്ളി ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. വടക്കഞ്ചേരിയുടെ അറസ്റ്റില്‍ തെറ്റില്ലെന്നും മനുഷ്യജീവനു ഭീഷണിയാകുന്ന പ്രചാരണമാണ് അദ്ദേഹം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്കു കത്തു നല്‍കിയിരുന്നു. മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ വടക്കഞ്ചേരിയെ കോടതി ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു.
മുമ്പും രോഗപ്രതിരോധ മരുന്നുകള്‍ക്കെതിരേ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തി വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണ് ജേക്കബ് വടക്കഞ്ചേരി. സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരേ മുന്‍പും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.