തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സംസ്ഥാനത്ത് മന്ത്രിമാരുടെ നിര്‍ബന്ധിത പണപ്പിരിവ് നടക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്. പ്രളയകാലം കഴിഞ്ഞപ്പോള്‍ പിരിവുകാലം വന്നെന്നും ഹസന് ആരോപിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാ പിരിവാണ്. ഉദ്യോഗസ്ഥരെ ഗണ്‍ പോയിന്റില്‍ നിര്‍ത്തിയാണ് പണപ്പിരിവ് നടക്കുന്നത്. സാലറി ചലഞ്ചിന് താല്പര്യമില്ലാത്തവര് വിസമ്മത പത്രം നല്‍കണമെന്നത് കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണ്. നോ പറയുന്നവരെ സ്ഥലം മാറ്റുകയാണെന്നും ഹസ്സന് ആരോപിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ട് തട്ടിലാക്കുന്ന ഉത്തരവ് ധനവകുപ്പ് പിന്‍വലിക്കണമെന്നും ഹസ്സന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയശേഷം ഇതുവരെ മന്ത്രിസഭ ചേര്‍ന്നിട്ടില്ല. മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. ഇക്കാരണത്താല്‍ രണ്ട് മന്ത്രിസഭാ യോഗങ്ങള്‍ മുടങ്ങി. മന്ത്രിസഭയില്‍ പരസ്പര വിശ്വാസം ആര്‍ക്കുമില്ലെന്നും ഹസ്സന് പരിഹസിച്ചു.