ഐഎസ്ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി നടന് ദിലീപ്.
നമ്പി നാരായണന് അഭിനന്ദനങ്ങള്‍ നേരുന്ന ദിലീപ്, നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹം മാര്‍ഗ്ഗദീപമായി പ്രകാശിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞ സുപ്രീംകോടതി നമ്പി നാരായണനെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന് അധ്യക്ഷനായ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും കോടതി ഇന്നലെ പറഞ്ഞു.
നടന്മാരായ മാധവനും സൂര്യയും കോടതി വിധിയിലുള്ള തങ്ങളുടെ ആഹ്ലാദം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചിരുന്നു. ‘ആ വിധിയെത്തി. അവസാനമായി കുറ്റവിമുക്തനാക്കുന്ന വിധി. ഇതൊരു പുതിയ തുടക്കമാണ്. തുടക്കം മാത്രം’, സുപ്രീം കോടതി വിധി വന്നതിന്റെ വാര്‍ത്തയ്ക്കൊപ്പം മാധവന് ട്വിറ്ററില്‍ കുറിച്ചു. മാധവന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം. ഇത്തരമൊരു വിധിക്കുവേണ്ടി താനും കാത്തിരിക്കുകയായിരുന്നുവെന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.