കൂരാച്ചുണ്ട്: ഇനി അവളില്ലാ.. മരുന്നിന്റെ മരണം പരക്കുന്ന ആ മുറിയുടെ ചുവരുകള്‍ക്ക് ഇനി തിളക്കമില്ല… എഴുതിതീര്‍ക്കാന്‍ ഇനിയും പേജുകള്‍ ബാക്കിയാണ്. ജോസഫിനെ ഏകനാക്കി മേരി യാത്ര തിരിച്ചു…
25 വര്‍ഷമായി മേരി രോഗശൈയ്യയില്‍ കിടക്കുകയാണ് ഭര്‍ത്താവിന്റെ പരിചരണം ഒന്നുമാത്രമാണ് മേരിയെ പ്രസന്നവതിയാക്കിയിരുന്നത്. ഒരു കുഞ്ഞിനെ എന്നപോലെ പുതുതലമുറയ്ക്കും ജോസഫ് മേരി ദമ്പതികള്‍ മാതൃകയാണ്. സിസ്റ്റമിക് ലൂപസ് എരിത്തമറ്റോ സിസ് എന്ന അപൂര്‍വ രോഗം പിടിപെട്ട് ചികിത്സ തുടരവേ ഇന്നലെ രാത്രി ഒന്‍പതരയോടെ കോഴിക്കോട് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചെകിടനാനിക്കല്‍ മേരി ജോസഫ് (56) ന്റെ അന്ത്യം.
കാഴ്ചശക്തിയുണ്ടായിരുന്നപ്പോള് ജോസഫ് മേരിക്കായി നോട്ട് ബുക്കുകളില്‍ വിശേഷങ്ങളെഴുതി. സംസാരശേഷിയും കാഴ്ചശക്തിയും നഷ്ടപ്പെട്ട ഭാര്യയോട്, ബെഡ്ഷീറ്റില്‍ അവരുടെ വിരലുകള്‍ കൊണ്ട് എഴുതിച്ചാണ് ജോസഫ് ആശയ വിനിമയം നടത്തിയിരുന്നത്. ഭാര്യയ്ക്കു നാട്ടുവിശേഷം പറഞ്ഞു കൊടുക്കാന്‍ 42 നോട്ട് ബുക്കുകളും എഴുതിത്തീര്‍ത്തു. അതിലൂടെ മേരി നാട്ടിലെയും ബന്ധുക്കളുടെയും കഥകളെല്ലാം അറിഞ്ഞു.
ഒരാഴ്ച മുമ്പാണ് മേരിക്ക് രോഗം മൂര്‍ച്ഛിച്ചത്. ജലദോഷത്തിലെ തുടക്കം ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ മാത്രം ശ്വസിക്കാവുന്ന അവസ്ഥയിലേക്കു മാറി. ആശുപത്രിയിലെത്തിച്ച് മൂന്നാം ദിനം അന്ത്യം. വിദേശത്തു നിന്ന് മക്കളും മരുമക്കളും എത്തിയ ശേഷമാകും സംസ്കാരം.