തിരുവനന്തപുരം: നിയമസഭയുടെ അന്തസ് പിസി ജോര്‍ജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തിയെന്ന സ്പീക്കറുടെ പരാമര്‍ശം കാല് നൂറ്റാണ്ടു കാലമാകുന്ന തന്റെ നിയമസഭാ പ്രവര്‍ത്തനത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീക്കെതിരെ മോശം പദപ്രയോഗം നടത്തിയ സാഹചര്യത്തിലായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പിസി ജോര്‍ജിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഈ വിമര്‍ശത്തിന് മറുപടിയായാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ഫേസ്ബുക്ക്
പോസ്റ്റ്.
സ്കൂള്‍ പഠന കാലത്ത് അധ്യാപകന് പകര്‍ന്ന അറിവാണ് ജോര്‍ജ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന പാതാളത്തിലേക്കാണ് പുണ്യാത്മാവായ മഹാബലിയെ ചവിട്ടിത്താഴ്ത്തിയതെന്ന് ജോര്‍ജ് ഓര്‍മ്മിപ്പിക്കുന്നു. അധ്യാപകന്റെ വാക്കുകള്‍ ജോര്‍ജ് പോസ്റ്റില്‍ കുറിക്കുന്നത് ഇങ്ങനെ ‘സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമര്‍ശിക്കാറുണ്ട്. വിവരക്കേടുകൊണ്ടോ പക്വതയില്ലായ്മകൊണ്ടോ അല്ല. ഞാനൊരു വലിയ സംഭവമാണെന്ന് നാലുപേരറിഞ്ഞോട്ടെ എന്ന വിഡ്ഢിത്തത്തില്‍ നിന്നാണ് അവരൊക്കെ അങ്ങനെ പറയുന്നത്’.
താനൊരു ഗ്രാമീണനായ പൂഞ്ഞാറുകാരനാണെന്ന് പിസി ജോര്‍ജ് പറയുന്നു. നിയമസഭയെ മഹാബലിയുമായി താരതമ്യം ചെയ്യരുതെന്നും ജോര്‍ജ് അഭ്യര്‍ഥിക്കുന്നു. കെഎം മാണി നിയസഭയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇടത് എംഎല്‍എമാര്‍ സ്പീക്കറുടെ കസേരയോട് കാണിച്ച ‘അത്യാദരവ്’ വിസ്മരിച്ചിട്ടില്ലല്ലോ എന്നും ജോര്‍ജ് പരിഹസിക്കുന്നു. പിസി ജോര്‍ജ് മോശമായ പദപ്രയോഗം പിന്‍വലിക്കുന്നതായി പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.