കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ 2017 ഒക്ടോബര്‍ പത്തിന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എന്തടിസ്ഥാനത്തിലാണ് ഹത്താല്‍ ആഹ്വാനം ചെയ്തതെന്നും ഭരണഘടനാപദവി വഹിക്കുന്ന ആള്‍ക്ക് ഹര്‍ത്താലിന്റെ പ്രത്യാഘാതത്തെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോയെന്നും കോടതി വാദത്തിനിടെ ആരാഞ്ഞു.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്ത് നഷ്ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചങ്ങനാശേരി സ്വദേശി അഡ്വ. സോജന് വര്‍ഗീസിന്റെ കേസ്. ഹര്‍ത്താല്‍ സമാധാനപരമായിരുന്നെന്നും 5.33 ലക്ഷം രൂപയുടെ നഷ്ടം മാത്രമേ ഉണ്ടായുള്ളൂവെന്നുമായിരുന്നു ചെന്നിത്തലയുടെ വാദം.
ഹര്‍ത്താല്‍ സമാധാനപരമായിരുന്നെങ്കില്‍ എന്തിനാണ് 89 കേസുകള്‍ രജിസ്റ്റര്‍ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചോദിച്ചു.