തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ് സംസ്ഥാനം. രാജ്യത്തിനകത്തും പുറത്തു നിന്നുമായി സംഭാവനകളുടെ പ്രവാഹമാണ്. പലതിനും കേന്ദ്രം തടയിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവയെല്ലാം കാറ്റില്‍ പറത്തിയാണ് സംഭാവനകള്‍ കുമിഞ്ഞ് കൂടുന്നത്. കടല്‍കടന്നും സഹായഹസ്തവുമായി നിരവധിപ്പേര്‍ എത്തുന്നുണ്ട്. ന്യൂസിലാന്‍ഡില്‍നിന്ന് ഒരു മലയാളി നഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന നേരിട്ട് എത്തിയാണ് നല്‍കിയത്.
ന്യൂസിലാന്‍ഡില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സായ പ്രീതി ബിനേഷ് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയുടെ ഓഫീസിലെത്തിയാണ് ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കോട്ടയം മണര്‍കാട് സ്വദേശിനിയായ പ്രീതി ബിനേഷ് ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണ്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറാന്‍ കഴിഞ്ഞതില്‍ ഏറെ സംതൃപ്തി ഉണ്ടെന്ന് പ്രീതി പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. മറുനാട്ടില്‍ ജോലി ചെയ്യുന്ന കൂടുതല്‍ പേര് സഹായവുമായി രംഗത്തെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. പ്രീതിയെപ്പോലെയുള്ളവരുടെ വലിയ മനസാണ് കേരളത്തിന് താങ്ങാകേണ്ടതെന്നും, മറ്റുള്ളവരും ഇത് മാതൃകയാക്കണമെന്ന് ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു. കൊട്ടാരക്കര ഓടനാവട്ടം ബിന്ദുഭവനില്‍ ബിനേഷിന്റെ ഭാര്യയാണ് പ്രീതി.