എരമംഗലം: ചേലാകര്‍മം നടത്തുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവ് പറ്റിയതിനെ തുടര്‍ന്ന് പെരുമ്പടപ്പ് പാറയിലെ കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആശുപത്രി നടത്തി വന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് 24 മണിക്കൂറിനുള്ളില്‍ പൂട്ടാന്‍ ഉത്തരവ് ഇറക്കിയത്.
കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ഗുരുതരമായ വീഴ്ചയാണ് ആശുപത്രിക്കുണ്ടായതെന്ന് മെഡിക്കല്‍ സംഘം കണ്ടെത്തി. ആശുപത്രിയുടെ പ്രവര്‍ത്തനം അപകടകരവും പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തിലാണെന്നും കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഉത്തരവ് ആശുപത്രി അധികൃതര്‍ക്ക് കൈമാറിയത്.
ഏപ്രില്‍ 18-നാണ് മാറഞ്ചേരി സ്വദേശികളായ നൗഷാദ്-ജമീല ദമ്പതിമാരുടെ 28 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകര്‍മം ഈ ആശുപത്രിയില്‍ നടത്തിയത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് ആഴത്തില്‍ മുറിവുപറ്റി മൂത്രമൊഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ടായി. ചങ്ങരംകുളം, തൃശ്ശൂര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി മൂത്രം പോകാന്‍ അടിവയറ്റില്‍ ദ്വാരമിട്ടു.
ജമീല കെവിഎം ആശുപത്രിക്കെതിരേ പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നിസ്സാരവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്നീട് കുടുംബം മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയും തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇടപെടുകയുമായിരുന്നു. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. അഹമ്മദ് അഫ്സലിന്റെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്.