തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനു നഷ്ടപരിഹാരം നല്കേണ്ടതു കോണ്‍ഗ്രസ് നേതാക്കളും കെപിസിസിയുമാണെന്ന് മന്ത്രി ഇപി ജയരാജന്. കേസില്‍ നമ്പി നാരായണന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നല്കാന് സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം.
നമ്പി നാരായണനു നല്‍കേണ്ട നഷ്ടപരിഹാര തുകയിലും നിയമാനുസൃതമായ നടപടിയുണ്ടാകും. സത്യത്തില്‍ നഷ്ടപരിഹാരം നല്കേണ്ടതു കോണ്‍ഗ്രസാണ്. കരുണാകരനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് എം.എം. ഹസന് തന്നെ പറഞ്ഞിട്ടുണ്ട്- ജയരാജന് പറഞ്ഞു. കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്ത മന്ത്രി, എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഐഎസ്ആര്‍ഒ ചാരക്കേസിലെ നാളുകള്‍ നീണ്ട നിയമയുദ്ധത്തില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് അനാവശ്യമായാണെന്നു നിരീക്ഷിച്ച കോടതി, കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും ഉത്തരവിട്ടു. നഷ്ടപരിഹാരമായി നല്‍കേണ്ട അരക്കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്നും ഇത് എട്ടാഴ്ചയ്ക്കുള്ളില്‍ തന്നെ കൊടുക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.