കൊച്ചി: ബിഷപ്പ് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിട്ട സംഭവത്തില്‍ പ്രതിഷേധവുമായി കന്യാസ്ത്രീകള്‍ രംഗത്ത്. സഭയുടെ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. ബലാത്സംഗക്കേസുകളില്‍ ഇരകളുടെ വിശദാംശങ്ങള്‍ പുരത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടത്.
കോടതി ഉത്തരവുകളുടെ ലംഘനം ആണ് മിഷനറീസ് ഓഫ് ജീസസ് ചെയ്തതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയെന്ന് വരുത്തി തീര്‍ക്കാനാണ് മിഷനറീസ് ഓഫ് ജീസസ് പരാതിക്കാരിയുടെ ചിത്രമടക്കമുള്ള റിപ്പോര്‍ട്ട് മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ടതെന്ന് ഇവര്‍ ആരോപിച്ചു.
പരാതിക്കാരിയുടെ കളര്‍ ചിത്രം പതിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ കന്യാസ്ത്രീകള്‍ ചില യുക്തിവാദികളെ കൂട്ടുപിടിച്ച് സഭയ്ക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് കുറ്റപ്പെടുത്തുന്നു. ബിഷപ്പ് ബലാസംഗം ചെയ്തെന്ന് പറഞ്ഞ ദിവസം പരാതിക്കാരിയായ സിസ്റ്റര്‍ കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചതെന്നതിന് തെളിവുകളുണ്ട്. തെളിവുകള്‍ അന്വേഷണ കമ്മീഷന് കൈമാറുമെന്നും മിഷണറീസ് ഓഫ് ജീസസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.