തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് സാധ്യത തേടി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ജാമ്യം തേടി ബിഷപ്പിന്റെ അഭിഭാഷകന് സുപ്രീം കോടതിയെ ഉടന്‍ സമീപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ബിഷപ്പിനെ 19 ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചിരുന്നു. അറസ്റ്റ് ചെയ്താലുടന്‍ ബിഷപ്പിനെ ലൈംഗിക ക്ഷമതാ പരിശോധന നടത്തുമെന്നുമാണ് അറിയുന്നത്. അതേസമയം, 19ന് ഹാജരാകാനുള്ള സമന്‍സ് കിട്ടിയിട്ടില്ലെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന് പറയുന്നത്. അന്വേഷണവുമായി ബിഷപ്പ് സഹകരിക്കുമെന്നും അഭിഭാഷകന് പറയുന്നു.
ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്നും പുറത്താക്കാന്‍ ലത്തീന്‍സഭ ആവശ്യപ്പെട്ടേക്കും. ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് ഈ ആവശ്യം. ബിഷപ്പ് ഫ്രാങ്കോയും പീഡനത്തിന് വിധേയയായ കന്യാസ്ത്രീയും സീറോ മലബാര്‍ സഭാംഗങ്ങളാണ്. എന്നാല്‍ ജലന്ധര്‍ രൂപത ലത്തീന്‍ സഭയുടേതാണ്. അതിനാല്‍ ബിഷപ്പിന്റെ മേല്‍ നടപടി സ്വീകരിക്കാന്‍ അധികാരം മാര്പ്പപ്പയ്ക്കാണ്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജ്യംബാട്ടിസ്റ്റ ദിക്വാത്രോയുടെ ശുപാര്‍ശപ്രകാരം ബിഷപ്പിനെ മാറ്റാന്‍ ലത്തീന്‍ സഭ മാര്‍പ്പാപ്പയോട് ആവശ്യപ്പെടും.