കൊല്ലം: പ്രളയത്തിനു ശേഷം പിടിമുറുക്കിയ പകര്‍ച്ചവ്യാധികളെ തടയാന്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങല്‍ വിപുലീകരിക്കുന്നു. വെള്ളിയാഴ്ച തുടങ്ങി 19 വരെ നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ജില്ലയാകമാനം ശുചീകരണ പരിപാടികള്‍ നടത്തും.പൊതുസ്ഥലങ്ങളിലെ ശുചീകരണ പരിപാടി 15നു രാവിലെ ഒമ്പതിന് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം ചെയ്യും.16ന് വീടുകളിലെ ഉറവിട നശീകരണം നടത്തും. 17ന് സുരക്ഷിത കുടിവെള്ളം ക്യാമ്പയിന്റെ ഭാഗമായി കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. 18ന് പാഴ്വസ്തു വ്യാപാര സ്ഥാപനങ്ങള്‍, ടയര്‍, കരിക്ക് കടകള്‍ എന്നിവിടങ്ങള്‍ പരിശോധിച്ച് ആവശ്യമായ ശുചീകരണം ഉറപ്പാക്കും. 19ന് ഹോട്ടലുകളില്‍ പരിശോധനയും നടത്തും.
സ്കൂള്‍, കോളേജ് തലത്തിലാണ് ആദ്യദിന ശുചീകരണം. ജില്ലാതല രോഗാണുനിയന്ത്രണ യൂണിറ്റ് മേല്‍നോട്ടം വഹിക്കും. ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനമാണ് വിദ്യാലയങ്ങളില്‍ നടത്തുക. സ്കൂളുകളില്‍ ശുചിത്വ പ്രതിജ്ഞ ഏര്‍പ്പെടുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കാണ് ചുമതല.