കൊച്ചി: തകര്‍ന്ന കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി പണം സ്വരുക്കൂട്ടിക്കൊണ്ടിരിക്കുകയാണ് ഇന്ന് കേരള ജനതയാകമാനം. നവകേരളം എന്ന സ്വപ്നത്തിനായി കാത്തിരിക്കുമ്പോഴും വിചാരിക്കുന്നതിലുംഇരട്ടി തുക സംഭാവനയായി ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ സന്തോഷത്തിലാണ് ഓരോ മലയാളിയും. ഏറണാകുളം ജില്ലയില്‍ മാത്രമായികഴിഞ്ഞ വ്യാഴാഴ്ച ലഭിച്ചത് 7,14,14,749 രൂപയും 26 പവന് സ്വര്‍ണവും 11.16 സെന്റ് ഭൂമിയുമാണ്.
ഇതോടെ ജില്ലയില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവന 10,16,49,525 രൂപയായി. ചൊവ്വാഴ്ച മൂന്നു കോടിയിലേറെ രൂപ ലഭിച്ചിരുന്നു. വ്യാഴാഴ്ച എറണാകുളം കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും ആലുവ മിനി സിവില്‍ സ്റ്റേഷനിലും നടന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ പി ജയരാജനൂം എ സി മൊയ്തീനും സംഭാവനകള്‍ ഏറ്റുവാങ്ങി.
കലക്ട്രേറ്റില്‍ മറ്റു ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ കൈയിലുള്ള പണം അടച്ച് ചെക്ക് കൈമാറിയതും ആവേശമായി. പെരുന്നാള്‍ദിവസം മാതാവിനെയും ഉണ്ണിയേശുവിനെയും അണിയിക്കുന്ന 25 പവന് തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ പള്ളി വികാരി വര്‍ഗീസ് കണിച്ചുകാട്ടില്‍ മന്ത്രി ഇ പി ജയരാജനെ ഏല്‍പ്പിച്ചത്. ജെസിബി ഇന്ത്യ ലിമിറ്റഡ് 28 ലക്ഷം രൂപ സംഭാവന നല്കിയതിനുപുറമേ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് 30 ജെസിബികള്‍ നല്‍കുന്നതിന്റെ രേഖകളും കൈമാറി. ഒറ്റക്കെട്ടായി പൊരുതുന്ന മലയാളി ജനത ലോകത്താകമാനം അഭിമാനമുണര്‍ത്തുന്നു.