കൊല്ലം: പേരൂര്‍ രഞ്ജിത്ത് വധക്കേസിലെ മുഖ്യപ്രതിയെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊല്ലം ഡീസന്റ് ജങ്ഷന് കോണത്തുവടക്കതില് വിഷ്ണു (21)വാണ് തെങ്കാശിയിലെ ബന്ധുവീട്ടില്‍നിന്ന് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
പാമ്പ് മനോജിന്റെ ഭാര്യ രഞ്ജിത്തിനൊപ്പം താമസമാക്കിയതിന്റെ വിരോധത്തില്‍ ആഗസ്ത് 15ന് പകല്‍ 3.30ന് കൊറ്റങ്കര അയ്യരുമുക്ക് പ്രോമിസ് ലാന്‍ഡില്‍ രഞ്ജിത്തിനെ (40) വീട്ടില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിത്തിനെ ചാത്തന്നൂര്‍ പോളച്ചിറ ഏലായിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് പാമ്പ് മനോജിന്റെ നേതൃത്വത്തില്‍ കാറിനുള്ളിലിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി. മൃതദേഹം നാഗര്‍കോവില്‍ വഴി സമുന്ദാപുരത്ത് എത്തിച്ച് ക്വാറി വേസ്റ്റുകള്‍ നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.
കൈതപ്പുഴ ഉണ്ണി, വിനീഷ് എന്നിവരാണ് പോലീസ് പിടിയിലായ മറ്റു പ്രതികള്‍. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മൃതദേഹം ഒളിപ്പിച്ച സ്ഥലത്ത് മൂന്ന് പ്രതികളെയും കൊണ്ടുപോയി തെളിവെടുപ്പ് നടത്തും