തിരുവനന്തപുരം: ഇനി വനം വകുപ്പിനെ മുന്നോട്ടു നയിക്കാന്‍ കാടറിഞ്ഞ കാടിന്റെ മക്കള്‍. ശെന്തുരുണി, നെയ്യാര്‍ ഡിവിഷനുകളിലായി 35 പേര് വീതം രണ്ടു ബാച്ചുകളിലായി ഇരുപത് സ്ത്രീകളും അമ്പത് പുരുഷന്മാരുമാണ് മൂന്നുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയത്.
2013ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 700 വാച്ചര്‍ തസ്തിക സൃഷ്ടിച്ചതില്‍ നിയമനം ലഭിച്ച 670 പേര്‍ക്കാണ് പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. സംസ്ഥാനത്താകെ അറുനൂറ്റിയെഴുപതില് നൂറ്റിനാല്പ്പത്തിയെട്ടുപേര് സ്ത്രീകളാണ്. സംസ്ഥാനത്തെ വിവിധ റേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. കാപ്പുകാട് കമ്മ്യൂണിറ്റി ഹാളല്‍ നടന്ന പരിപാടി അഗസ്ത്യ വനം ബയോളജിക്കല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സിപി പ്രമോദ് ഉദ്ഘാടനം ചെയ്തു.
ജിപിഎസിന്റെ ഉപയോഗം ക്യാമറ സെറ്റിങ്, വനനിയമങ്ങള്‍, ആയുധ പരിശീലനം എന്നിവ നല്കി നിയമനം ലഭിച്ചവര്‍ അതത് പ്രദേശത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളില്‍ ഫോറസ്റ്റ് ഗാര്ഡ്മാരൊപ്പം സേവനം അനുഷ്ഠിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ആദിവാസികളെ മാത്രം വാച്ചര്‍മാരാക്കി കൊണ്ടുള്ള നിയമനം.