കോട്ടയം: വന്‍ പ്രതിഷേധമുയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനുമുമ്പുതന്നെ കേസ് സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താനാണ് ശ്രമമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. കേസില്‍ പ്രതി, പരാതിക്കാരി, സാക്ഷികള്‍ എന്നിവരുടെ മൊഴികളില്‍ വൈരുധ്യമുണ്ട്. നാലുവര്‍ഷം പഴക്കമുള്ള കേസില്‍ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
സാമൂഹ്യവും സാമുദായികവും മതപരവുമായ സാഹചര്യങ്ങളുടെയും പേരില്‍ ചില കാര്യങ്ങള്‍ പറയാനായെന്ന് വരില്ല. വസ്തുതകളിലും രേഖകളിലും വൈരുധ്യമുണ്ട്. ഈ വൈരുധ്യങ്ങള്‍ എങ്ങനെയുണ്ടായെന്ന് കോടതിയില്‍ കൃത്യമായി അവതരിപ്പിക്കാനാകണം. ഇതിന് കൃത്യമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎസ്പി കേസന്വേഷണം ഏറ്റെടുത്ത ജൂണ്‍ 29 മുതല്‍ മഠത്തില്‍ പഴുതുകളടച്ച സുരക്ഷ ഉറപ്പാക്കി. മുഴുവന്‍സമയവും ഒരുഗാര്ഡിന്റെ സേവനത്തിനുപുറമെ പൊലീസ് പട്രോളിങുമുണ്ട്. കന്യാസ്ത്രീമഠവും കുറവിലങ്ങാട് സ്റ്റേഷനും തമ്മില്‍ ഹോട്ട്ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയെന്നും ഹരിശങ്കര്‍ പറഞ്ഞു.