കോട്ടയ്ക്കല്‍: ഓരോ പ്രദേശത്തെയും വരള്‍ച്ചാസാധ്യത മുന്‍കൂട്ടി അറിയാനും കിണറുകളിലെ ജലനിരപ്പ് തിട്ടപ്പെടുത്താനും ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ചുള്ള കൂടുതല്‍ കൃത്യതയാര്‍ന്ന സംവിധാനം വരുന്നു. സ്വയം പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വാട്ടര്‍ലെവല്‍ റെക്കോര്‍ഡുകളാണ് ഭാവിയില്‍ ഭൂജലനിരപ്പ് രേഖപ്പെടുത്തുക. പ്രളയാനന്തരമായി ജലാശയങ്ങളെല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വരള്‍ച്ചയെ മുന്‍കൂട്ടി അറിയാന്‍ ഇത്തരം സംവിധാനങ്ങള്‍ അനിവാര്യമാണെന്ന് മലപ്പുറത്തെ ഭൂജലവകുപ്പ് ഓഫീസര്‍ സി ഉപേന്ദ്രന് പറഞ്ഞു.
ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഭൂപ്രദേശത്തിന്റെ ജലനിരപ്പ് യഥാസമയം സ്വയം രേഖപ്പെടുത്തുന്ന സംവിധാനം പ്രാദേശികാടിസ്ഥാനത്തില്‍ വരള്ച്ചയറിയാന് സഹായകമാകും. ഇതിനായി സംസ്ഥാനത്ത് തെരഞ്ഞെടുത്ത 650 സ്ഥലങ്ങളില്‍ ‘സ്ലിം ഹേള്‍’ എന്ന കുഞ്ഞുകിണറുകള് കുഴിക്കും. നിലവില്‍ ജലനിരപ്പളക്കുന്ന കിണറുകളിലെ വെള്ളത്തിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം ആ ഭൂപ്രദേശത്തിന്റെ കൃത്യമായ ജലനിരപ്പ് കാണിക്കണമെന്നില്ല. ‘സ്ലിം ഹോള്‍’ കിണറുകള്‍ ആളുകള്‍ക്ക് വെള്ളത്തിനായ് ഉപയോഗ സാധ്യമല്ല.
തിരുവനന്തപുരത്ത് കളക്ടറേറ്റിലും ഭൂജലവകുപ്പിന്റെ ഓഫീസ് വളപ്പിലും സ്ലിംഹോള് കിണറുകള്കുഴിക്കാന് അനുമതിയായി. ഇവിടെ ഉപഗ്രഹവുമായി ബന്ധിപ്പിച്ച് തനിയെ പ്രവര്‍ത്തിക്കുന്ന ടെലിമെട്രിക് വാട്ടര്‍ലെവല്‍ റെക്കോര്‍ഡറുകള്‍ വെക്കും. ഈ സംവിധാനം ഓരോ നിമിഷത്തെയും ജലനിരപ്പിലെ വ്യതിയാനം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കും.