തൃശ്ശൂര്‍: സംഭരണശേഷിയുടെ ഇരട്ടിയധികം വെള്ളം ഒഴുക്കിവിട്ട പെരിങ്ങള്കൂത്ത് ഡാമിന് വീണ്ടുമൊരു പ്രളയത്തെ താങ്ങാനുള്ള കരുത്തുണ്ടോ എന്നത് ചിന്തിക്കാനിരിക്കുന്നു. അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി ആശങ്കയിലാണ് കേന്ദ്ര ജലകമ്മീഷന്. അണക്കെട്ടിനു അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് കമ്മീഷന് സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.
തമിഴ്നാട്ടിലെ അണക്കെട്ടുകളിലെ അധിക വെള്ളം പെരിങ്ങള്കൂത്തിലേക്ക് അനിയന്ത്രിതമായ അളവിലാണ് എത്തുന്നതെന്ന് ഈ വര്‍ഷത്തെ പ്രളയം തെളിയിച്ചു.25.8 കോടി ക്യൂബിക് മീറ്റര്‍ വെള്ളമാണ് കഴിഞ്ഞമാസം 16 ന് ഇവിടേക്ക് ഒഴുകിയെത്തിയത്. പെരിങ്ങള്കൂത്ത് അണക്കെട്ടിന്റെ സംഭരണശേഷി 3.0356 കോടി ക്യൂബിക് മീറ്റര്‍ മാത്രമാണ്. എന്നാല്‍ 6.2 കോടി ക്യൂബിക് മീറ്റര്‍ അധികവെള്ളം ഡാമിനു മുകളിലൂടെ ഒഴുകിയിട്ടുണ്ട്. ഇതുമൂലം ചാലക്കുടിപ്പുഴ കവിഞ്ഞ് രണ്ടു ലക്ഷം പേരെയാണ് ബാധിച്ചത്.
അണക്കെട്ടിലെ ഏഴു സ്പില്‍വേ ഷട്ടറുകളുടെയും നാല് സ്ലൂയിസ് ഗേറ്റുകളുടെയും അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതുണ്ട്. പ്രളയകാലത്ത് മരങ്ങള്‍ വന്നടിഞ്ഞ് ഇടമലയാറിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകളില്‍ തടസ്സം അനുഭവപ്പെട്ടിരുന്നു. ഭാവിയില്‍ ഇത്തരമൊരു അപകടം മുന്നില്‍ കണ്ട് വാച്ചുമരത്ത് ഷട്ടര്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.