കൊല്ലം: വാഹനങ്ങളില്‍ പെട്രോള്‍ നിറച്ചു കൊണ്ടിരിക്കെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിലുണ്ടായ തീപിടുത്തം വന്‍ദുരന്തമായി മാറാതിരുന്നതിനു കാരണം യുവാവിന്റെ ധീരമായ ഇടപെടല്‍. ദേശീയപാതയില്‍ കാവനാട്ടെ പമ്പില്‍ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തില്‍ വഴിയെ ബൈക്കില്‍ വരികയായിരുന്ന ശക്തികുളങ്ങര സ്വദേശി അനില്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന യുവാവിന്റെ അവസരോചിതമായ ഇടപെടല്‍ അനേകം പേരുടെ ജീവന് രക്ഷിച്ചു.
ജീവനക്കാരികള്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു യൂണിറ്റില്‍ തീപിടുത്തം ഉണ്ടായത്. തീ ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇ സമയത്തായിരുന്നു അനില്‍ ബൈക്കില്‍ വന്നത്.സമീപത്തെ സൂര്യ ഇന്റര്‍ നാഷണല്‍ എന്ന സ്ഥാപനത്തില്‍ നിന്നും അഗ്നിശമന ഉപകരണവുമായി ഓടിവന്നയാളുടെ കൈയ്യില്‍ നിന്നും അനില്‍ ഉപകരണം വാങ്ങി പെട്രോള്‍ ബങ്കിനടുത്തെത്തി തീ അണയ്ക്കുകയായിരുന്നു. ബൈക്ക യാത്രക്കാരനായ കുട്ടനും പിന്നീട് സഹായത്തിനായ് എത്തി.
ഫ്യൂവല്‍ ഡിസ്പെന്‍സിംഗ് യൂണിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. പമ്പിന്റെ പിന്നിലെ മോട്ടോര്‍ പൊട്ടിത്തെറിച്ചതായും സൂചനയുണ്ട്. കഴിഞ്ഞമാസം രാമന്‍കുളങ്ങര ജംങ്ഷനില്‍ ഓടുന്ന കാറിന് തീ പിടിച്ചപ്പോഴും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത് അനിലാണ്. ജോലി ചെയ്യുന്നിടത്ത് അഗ്നിശമന ഉപകരണങ്ങളില്‍ കിട്ടിയ പരിശീലനമാണ് സഹായകമായത്.