തിരുവനന്തപുരം: പിഎസ്സി റാങ്കുപട്ടികകളില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം ക്രമീകരിക്കുന്നതിന് വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. റാങ്ക്പട്ടിക തയ്യാറാക്കുന്നത് റിപ്പോര്‍ട്ടുചെയ്ത ഒഴിവുകളുടെ എണ്ണത്തിനൊപ്പം മുമ്പു നടന്ന നിയമനങ്ങളും അടുത്ത മൂന്നുവര്‍ഷത്തേക്ക് ഉണ്ടാകാന്‍ സാധതയുള്ള ഒഴിവുകളുമെല്ലാം പരിശോധിച്ചായിരിക്കും.
ഇപ്പോള്‍ പട്ടികകള്‍ തയ്യാറാക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ അഞ്ചിരട്ടിയായാണ്. മുഖ്യപട്ടികയിലുള്ളവര്ക്ക് നിയമനം നല്കിക്കഴിയുമ്പോള് ഉപപട്ടികയില്‍ ആളുണ്ടായിരുന്നാലും റാങ്ക്പട്ടിക റദ്ദാകും. ഒഴിവുകള്‍ ബാക്കിയുള്ളപ്പോഴും റാങ്ക്പട്ടികകള്‍ റദ്ദാകുന്ന സ്ഥിതി തടയാനും സംവരണവിഭാഗങ്ങള്ക്ക് ജോലി ഉറപ്പാക്കാനും പുതിയ വ്യവസ്ഥകളിലൂടെ സാധിക്കുമെന്ന് യോഗം വിലയിരുത്തി. കമ്മിഷന് ധാരണയിലെത്തിയത് മുഖ്യപട്ടികയിലുള്പ്പെടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കുന്നതിനാണ്.
വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഉള്‍പ്പെടെ 52 തസ്തികകളിലേക്കാണ്. ആര്‍ക്കിയോളജി വകുപ്പില്‍ അസിസ്റ്റന്റ് എഡിറ്റര്‍, മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്യൂണിറ്റി ഡെന്റിസ്റ്ററി തസ്തികകള്‍ക്ക് ഓണ്‍ലൈനായും പരീക്ഷ നടത്തും.