ചെറുപുഴ: അങ്കണവാടിയിലെ ഗുണഭോക്താക്കളായ മുഴുവന്‍ അമ്മമാരെയും പ്രധാനമന്ത്രിയുടെ ‘ഡയറക്ട് സംവാദ്’ പരിപാടി കാണിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സൂപ്പര്‍വൈസര്‍മാര്‍ വഴി നല്കിയ ഉത്തരവ് അങ്കണവാടി വര്‍ക്കര്‍മാരെ വലച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ലോക്സഭാ ചാനലിലാണ് പരിപാടി.
ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് അങ്കണവാടികളില്‍ ടെലിവിഷന്‍ ഇല്ലാത്തതിനാല്‍ ലോക്സഭാ ചാനലുള്ള സമീപത്തെ വീട് കണ്ടെത്തി അവിടെ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ്. എല്ലാ അമ്മമാരെയും അവിടെ എത്തിച്ച് പരിപാടി കാണിക്കുകയും മദേഴ്സ് രജിസ്റ്ററില്‍ ഒപ്പ് വാങ്ങുകയും കൂടാതെ ഉച്ചയ്ക്ക് മുന്‍പായി സൂപ്പര്‍വൈസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നുമാണ് ഉത്തരവ്.
മിക്കവീടുകളിലും ലോക്സഭാ ചാനല്‍ ഇല്ല. മാത്രമല്ല എപ്പോഴും ഉപയോഗിക്കുന്ന ചാനല്‍ അല്ലാത്തതിനാല്‍ പലര്‍ക്കും അറിയില്ല. അതിനാല്‍ രാത്രി വൈകിയും ചാനലുള്ള വീടന്വേഷിച്ച് നടക്കുകയാണ് അങ്കണവാടി വര്‍ക്കര്‍മാര്‍. അങ്കണവാടി അമ്മമാരെ സംവാദം കാണിച്ചതിനുശേഷം തുറന്നുപ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്.