തൃശ്ശൂര്‍: പ്രേക്ഷക മനസ് കൈയ്യടക്കിയ ചിത്രമാണ് ബാഹുബലി ഒന്നാം ഭാഗവും രണ്ടാം ഭാഗവും. സിനിമയുടെ പ്രചോദനത്തില്‍ പലരും ബാഹുബലിയുടെ സാഹസങ്ങള്‍ കാണിച്ച് കെണിയിലായിട്ടുമുണ്ട്. എന്നാല്‍ ബാഹുബലിയുടെ പ്രചോദനത്തില്‍ ചുമര് അള്ളിപ്പിടിച്ചു കയറി സമൂഹമാധ്യമങ്ങളിലെ കുട്ടി സ്പൈഡര്മാന് ആയിരിക്കുകയാണ് തൃശ്ശൂരിലെ ആല്വിന്. സിനിമയില്‍ ബാഹുബലിയുടെ മലകയറ്റംകണ്ടതാണ് കുഞ്ഞുമനസിന് ചുവരില്‍ കയറാന്‍ പ്രേരണയായത്.
തലക്കോട്ടുകര കനാല്‍പ്പാലത്തിനടുത്ത് താമസിക്കുന്ന ഇന്റീരിയര്‍ ഡിസൈനറായ ബിജു വടക്കനാണ് അന്‍വിന്റെ പിതാവ്. അദ്ദേഹമാണ് മകന്റെ സാഹസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വളരെ പെട്ടെന്നു തന്നെ സമൂഹമാധ്യമങ്ങളില്‍ ആല്വിന് ഹിറ്റായി. പലരും ഷെയര്‍ ചെയ്തു. ചിലര്‍ വാട്ട്സ് ആപ്പ് വഴി വൈറലാക്കി. ചിലര്‍ ചോദിക്കുന്നു ഇവന് എന്താണ് കഴിക്കാന്‍ കൊടുക്കുന്നതെന്ന്…?. അത്രയ്ക്കും ആകാംക്ഷയും ഭീതിയും പടര്‍ത്തിയ നിമിഷങ്ങളായിരുന്നു.
പുലിമുരുകന്, ബാഹുബലി തുടങ്ങിയ സിനിമകളോടാണ് ആല്വിന് പ്രിയം. അവയിലെ നായകന്മാരുടെ സാഹസങ്ങള്‍ അനുകരിക്കലാണ് ഹോബി. മൂന്നാംവയസിലാണ് സ്പൈഡര്മാന് സ്റ്റൈലില്‍ ചുവര് കയറാനുള്ള പരിശ്രമം തുടങ്ങിയത്. അപകടസാദ്ധ്യതയുള്ളതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആരും കാണാതെ ആല്വിന് പരിശ്രമം തുടര്‍ന്നു. മുറ്റത്ത് ഷീറ്റ് മേയാന്‍ സ്ഥാപിച്ച ഇരുമ്പുതൂണിന്റെ മുകളറ്റംവരെ കയറും. മുകളില്‍ തൂങ്ങിക്കിടന്ന് പുഷ് അപ്പ് ചെയ്യും. ഒന്നിന്റെയും സഹായമില്ലാതെ ആല്വിന് ചുവര് കയറിപ്പോകുന്നത് അടുത്തിടെയാണ് ബിജുവിന്റെ ജ്യേഷ്ഠന് ബാബു കണ്ടത്. ആല്വിനെന്തോ പ്രത്യേകതയുണ്ടെന്ന് തോന്നിയ ബാബു വീട്ടിലെ മറ്റുള്ളവരോട് പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആല്‍വിനും സന്തോഷവാനായി.
ബന്ധുക്കള്‍ക്കെല്ലാം ഇപ്പോള്‍ ലൈവായി കാണേണ്ടത് ആല്‍വിന്റെ ചുവര് കയറ്റമാണ്. ഉയരത്തില്‍ നിന്നെങ്ങാനും വീണാലോ എന്നുകരുതി ആല്‍വിന്റെ അമ്മ ജെന്‍സി രണ്ടു തലയിണ അടിയില്‍ കൊണ്ടുവയ്ക്കും. മുണ്ടൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിയായ ആല്വിന് സ്കൂളില്‍ മിടുക്കനാണ്. ആറരവയസുകാരിയായ ജ്യേഷ്ഠത്തി ആല്ബിയയാണ് വീട്ടിലും സകൂളിലും ആല്‍വിന്റെ കൂട്ട്.