തൃശൂര്‍: നഗരമധ്യത്തില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും റോഡിലേക്ക് കുതിച്ചൊഴുകി ഹൈഡ്രോക്ലോറിക് ആസിഡ്, തൃശൂരില്‍ വന്‍ ദുരന്തം ഒഴിവാക്കിയത് നിമിഷനേരം കൊണ്ടുള്ള അഗ്നിരക്ഷാ സേനയുടെ പ്രായോഗികബുദ്ധി.
പെട്രോള്‍ പമ്പിന് അഞ്ചുമീറ്ററരികില് ടാങ്കര്‍ ലോറിയില്‍ നിന്നു റോഡിലേക്കു ഹൈഡ്രോക്ലോറിക് ആസിഡ് ചോര്‍ന്നു. അറ്റകുറ്റപ്പണിക്കു കാത്തുനില്‍ക്കാതെ ടാങ്കറിന്റെ വാല്‍വില്‍ മരക്കുറ്റി അടിച്ചുകയറ്റി അഗ്നിരക്ഷാ സേന ചോര്‍ച്ച തടഞ്ഞു. പിന്നീട് സുരക്ഷിതസ്ഥാനത്തേക്കു ടാങ്കര്‍ മാറ്റിയശേഷം ഏഴുമണിക്കൂറിനുള്ളില്‍ വാല്‍വിന്റെ തകരാര്‍ പരിഹരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ അശ്വിനി ജംക്ഷനിലാണ് സംഭവം. കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് ആലുവയിലെ കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്ഥാപനത്തിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കര്‍ലോറി അപകടത്തില്‍പ്പെടുകയായിരുന്നു.
ഓട്ടത്തിനിടെ പിന്‍ഭാഗത്തെ പ്രധാന വാല്‍വ് ഊരിപ്പോയതുമൂലം പൈപ്പില്‍ നിന്നെന്ന പോലെ ആസിഡ് റോഡിലേക്കു കുതിച്ചൊഴുകി. നീരാവിയായി ആസിഡ് പരിസരമാകെ വ്യാപിച്ചപ്പോള്‍ ഇതുവഴി യാത്ര ചെയ്തവര്‍ക്കു മൂക്കെരിച്ചിലും നേരിയ ശ്വാസതടസവും അനുഭവപ്പെട്ടു. പോലീസും അഗ്നിരക്ഷാ സേനയുമെത്തി വാല്‍വ് അറ്റകുറ്റപ്പണി നടത്താന്‍ ശ്രമിച്ചെങ്കിലും സമീപത്തു പെട്രോള്‍ പമ്പുള്ളതിനാല്‍ അപകടസാധ്യത കണക്കിലെടുത്തു നീക്കം ഉപേക്ഷിച്ചു.
പൊള്ളല്‍ ഏല്‍ക്കാത്ത കെമിക്കല്‍ സ്യൂട്ട് ധരിച്ച രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങള്‍ വാല്വിനുള്ളിലേക്കു മരക്കുറ്റി അടിച്ചുകയറ്റിയതു ദുരന്തമൊഴിവാക്കാന്‍ സഹായകരമായി. തുടര്‍ന്ന്, അശ്വിനി ജംക്ഷനില്‍ നിന്നു കോവിലകത്തുംപാടത്തെ ഹോട്ടലിനു പിന്നില്‍ ആളൊഴിഞ്ഞ ഭാഗത്തേക്കു ലോറി സാവധാനം മാറ്റി.
അഗ്നിരക്ഷാസേനയുടെ വാഹനത്തില്‍ നിന്ന് ആസിഡ് ഒഴുകുന്ന ഭാഗത്തേക്കു വെള്ളം ചീറ്റിച്ചുകൊണ്ടാണ് അപകട സാധ്യത തടഞ്ഞത്. ഒടുവില്‍ സിഎംആര്‍എല്ലില്‍ നിന്നു വൈകിട്ട് എത്തിയ വിദഗ്ധ സംഘം വാല്‍വിന്റെ തകരാര്‍ പരിഹരിച്ചു ലോറി ആലുവയിലേക്കു കൊണ്ടുപോയി.
ശ്വാസതടസവും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ട ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.