തൃശ്ശൂര്‍: ആ അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് ആറുലക്ഷം രൂപയുടെ ചെക്ക് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മന്ത്രിക്കു കൈമാറുമ്പോള്‍ സാക്ഷിയായി മകള്‍ അരികിലുണ്ടായിരുന്നു. ചെക്ക് ഏറ്റുവാങ്ങിയ മന്ത്രി, അമ്മയുടെ മുന്നില്‍വച്ചു തന്നെ മകള്‍ക്കു കൈമാറി. കലക്ടറുടെ ഔദ്യോഗിക കയ്യൊപ്പു പതിപ്പിച്ചുകൊണ്ടു മകള്‍ പുഞ്ചിരിയോടെ ചെക്ക് സ്വീകരിച്ചു.
കലക്ടര്‍ ടിവി അനുപമയും അമ്മ ടിവി രമണിയുമാണ് ആ അമ്മയും മകളും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് രമണി. 1981 ല്‍ മഹാരാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ എന്‍ജിനീയറിങ് ബാച്ചില്‍ പഠിച്ച രമണിയും സഹപാഠികളും ചേര്‍ന്നു സമാഹരിച്ച ആറുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത്.
സഹപാഠികളായ അബ്ദുല്‍ ലത്തീഫ്, വില്‍സണ്‍ പൗലോസ്, ഡയസ്, സതീശന്, പുഷ്പരാജ്, സുലൈമാന്‍, ഫ്രാന്‍സിസ്, പത്മരാജന് എന്നിവര്‍ക്കൊപ്പമാണ് രമണി കലക്ടറേറ്റിലെത്തിയത്. മന്ത്രിമാരായ വിഎസ് സുനില്‍ കുമാറും സി രവീന്ദ്രനാഥും ചേര്‍ന്നു ചെക്ക് ഏറ്റുവാങ്ങി. മൗനസാന്നിധ്യമായി കലക്ടര്‍ അരികിലും. ചെക്ക് സ്വീകരിച്ച ശേഷം തുടര്‍ നടപടികള്‍ക്കായി മന്ത്രി വിഎസ് സുനില്‍കുമാര്‍ കലക്ടര്‍ക്കു കൈമാറി.