കൊച്ചി: കഠിനമായ വേദനയിലും ആശുപത്രികിടക്കയില്‍ കിടന്ന് ഹനാന് ചിരിക്കുകയാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷത്തില്‍ അവള് വേദന മറക്കുകയാണ്. അവളുടെ സന്തോഷത്തിന് ഒന്നരവര്‍ഷത്തെ കാത്തിരിപ്പുണ്ട്. ആ കാത്തിരിപ്പ് യാഥാര്‍ത്ഥ്യമായത് കൊച്ചിയിലെ സ്വകാര്യാശുപത്രിക്കിടക്കയിലും.
കാറപകടത്തില്‍ പരുക്കേറ്റ മകളെ കാണാന്‍ ബാപ്പ ഹമീദും അനിയനും എത്തിയ സന്തോഷത്തിലാണ് കേരളക്കരയുടെ മനം കവര്‍ന്ന ഹനാന്. എന്റെ അവസ്ഥ അറിഞ്ഞ ബാപ്പ ആശുപത്രിയില്‍ എത്തി. അനിയനും വന്നു. ഇപ്പോള്‍ ഒപ്പം നില്‍ക്കുന്നത് ബാപ്പയാണ്. എന്നെ ഇനി തനിച്ചാക്കില്ലെന്നാണ് ബാപ്പ പറയുന്നത്. ആശുപത്രി വിട്ട ശേഷവും ചേര്‍ത്തുപിടിക്കാന്‍ ബാപ്പയുണ്ടാകുമെന്നാണ് വാക്ക് പറഞ്ഞത്…’ ഹനാന് പറഞ്ഞു.
ഹനാന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ പോലും മകളെ കാണാന്‍ ഹമീദ് എത്തിയിരുന്നില്ല. ഇതിനെക്കുറിച്ച് നിറകണ്ണുകളോടെയാണ് അന്ന് ഹനാന് മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. ആ സങ്കടത്തിന്ന് ബാപ്പയും മകളും തമ്മിലുള്ള കൂടിക്കാഴ്ചയോടെ സമാപ്തിയായിരിക്കുകയാണ്.
മകളോട് തനിക്ക് എന്നും സ്നേഹമുണ്ട്. എന്നാല്‍ നിങ്ങളില്‍ പലര്‍ക്കും അറിയുന്നതുപോലെ ഞാനൊരു മദ്യപാനിയാണ്. ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ തനിക്ക് പശ്ചാത്താപമുണ്ടായി. എന്നാല്‍ ഹനാന് പ്രശസ്തയായതോടെ മകളുടെ അരികിലേക്ക് തിരികെ വന്നാല്‍ ആള്ക്കാര് തന്നെ അവസരവാദിയെന്ന് വിളിക്കുമോയെന്നത് ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ഹനാന് സ്നേഹവും സഹായവും ആവശ്യമുണ്ട്. ഞാന്‍ എന്റെ മകളുടെ അടുത്തേക്ക് മടങ്ങിവന്നിരിക്കുകയാണ്. ഹനാന് ഇനി അനാഥയല്ലെന്നും ഹമീദ് പറഞ്ഞു.
ചികിത്സ നല്ല രീതിയില്‍ പോകുന്നുണ്ട്. കാലുകളുടെ തളര്‍ച്ച മാറി. നട്ടെല്ലിന്റെ മുറിവ് ഉണങ്ങുന്നതുവരെ നടക്കാനും ഇരിക്കാനും സാധിക്കില്ല. മുറിവ് ഉണങ്ങിക്കഴിഞ്ഞാല്‍ വീണ്ടും പഴയതുപോലെ തന്നെയാകുമെന്നാണ് പ്രതീക്ഷ.
ഹനാനെ കാണാന്‍ വാപ്പയും അനിയനും എത്തിയ വിവരം ഡോക്ടര്‍ വിശ്വനാഥാണ് ആദ്യം മാധ്യമങ്ങളെ അറിയിച്ചത്. ഹനാന് അപകടം പറ്റുന്നതിന് മുമ്പ് തന്നെ ഹമീദ് കോതമംഗലത്തുള്ള വിശ്വനാഥന്റെ ആശുപത്രിയില്‍ എത്തിയിരുന്നു. ബാപ്പയോടൊപ്പം കൊച്ചിയില്‍ താമസിക്കാനാഗ്രഹമുണ്ടെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ കൈപിടിച്ചാണ് ഹനാന് കോതമംഗലത്തുനിന്നും ഇറങ്ങിയത്. ആഗസ്ത് 31നായിരുന്നു അത്. ഹനാന്റെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് നിന്നും എല്ലാം ചെയ്യുന്നത് കോതമംഗലത്തുള്ള ഡോക്ടറും കുടുംബവുമാണ്.