തിരുവല്ല: നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ ആളുകള്‍ നിറച്ചുകയറിയതോടെ ആനവണ്ടി വഴിയില്‍ കിടന്നു. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കു തിരുവല്ലയിലെത്തിയെ കോട്ടയത്ത് നിന്നും പന്തളത്തേക്കുള്ള ആര്‍ടി 815 നമ്പര്‍ ഓര്‍ഡിനറി ബസാണ് ഭാരം കൂടിയതിനാല്‍ റോഡില്‍ നിന്നുപോയത്.
ചങ്ങനാശേരിയില്‍ നിന്നു കയറിയ 94 ആളുകളുമായാണ് ബസ് തിരുവല്ലയിലെത്തിയത്. ഇവിടെ ഇറങ്ങിയതിന്റെ ഇരട്ടി ആളുകള്‍ കയറി. എന്നിട്ടും കുറേപേരെ മാറ്റിനിര്‍ത്തിയാണ് ബസ് വിട്ടത്. നഗരത്തിലെ ഗട്ടറുകളില്‍ ചാടി ഓടിയ ബസ് കുരിശുകവലയില്‍ എത്തുന്നതിനു മുന്‍പേ ഇടതുവശം ചെരിഞ്ഞു. ഫുട്ബോര്‍ഡ് റോഡില്‍ തട്ടി. ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. കണ്ടു നിന്ന നാട്ടുകാരും ഭയപ്പാടിലായി.
ബസ് മറിയുമെന്ന പേടിയായിരുന്നു എല്ലാവര്ക്കും. നിര്‍ത്തിയ ബസില്‍ നിന്ന് എല്ലാവരെയും പെട്ടെന്നു ഹൈവേ പോലീസ് പുറത്തിറക്കി. പ്ലേറ്റ് ഒടിഞ്ഞതാണെന്ന് ആരോ പറഞ്ഞെങ്കിലും പരിശോധിച്ച് അല്ലെന്ന് ഉറപ്പാക്കി കുറെ യാത്രക്കാരെ മാറ്റി കയറ്റി ബസ് യാത്ര തുടര്‍ന്നു.