കോഴിക്കോട്: പ്രളയ ദുരന്തത്തില്‍ സ്വന്തം ശരീരം ചവിട്ടുപടിയായി നല്കിയ ജെയ്സലിനെ ജീവന് നിലനില്‍ക്കുന്നിടത്തോളം കാലം മലയാളികള്‍ മറക്കില്ല. അത്രയ്ക്കും ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു മത്സ്യതൊഴിലാളിയായ ജെയ്സലിനെ. ദുരന്തമുഖത്താണ് യഥാര്‍ത്ഥ ഹീറോ ആരാണെന്ന് ജനം തിരിച്ചറിഞ്ഞത്. ആ ചിത്രം ഇനി പറിച്ചെടുക്കാന്‍ കേരളീയര്‍ക്ക് ബുദ്ധിമുട്ടാണെന്ന് നിസ്സംശയം പറയാനാകും.
കടലിന്റെ ഉപ്പുവെള്ളം തട്ടിയിട്ടുള്ള ജെയ്സലിന്റെ കൈവെള്ളയില്‍ ഇത്തവണ പതിഞ്ഞത് കണ്ണുകളില്‍ നിന്നും ഇറങ്ങിയ കണ്ണുനീര് തുള്ളിയുടെ ഉപ്പു രസമായിരുന്നു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമാണ് ജെയ്സലിനും മത്സ്യതൊഴിലാളികള്‍ക്കും അഭിനന്ദനങ്ങള്‍ എത്തിയത്. സര്‍ക്കാരിന്റെ ബിഗ് സല്യൂട്ട് നേടിയ കേരളത്തിന്റെ സ്വന്തം സൈന്യം.
ആ ജന നന്മയെയും, ത്യാഗത്തെയും ഉള്‍കൊണ്ട് കൊണ്ട് അര്‍ഹതയ്ക്കുള്ള അംഗീകാരമായി മാറാസോ കാര്‍ സമ്മാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇറാം ഗ്രൂപ്പ്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മാതൃകയായിട്ടുള്ള ഡോ. സിദ്ദിഖ് അഹമ്മദ് നേതൃത്വം കൊടുക്കുന്ന ഇറാം ഗ്രൂപ്പിന്റെ സംരംഭമായ ഇറാം മോട്ടോഴ്സ്, മഹീന്ദ്രയുമായി ചേര്‍ന്ന് ആണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ മാറോസോ കാര്‍ സ്നേഹ സമ്മാനമായി നല്‍കിയത്.
ഡോ. സിദ്ധിഖ് അഹമ്മദിന്റെ സാന്നിധ്യത്തില്‍ മന്ത്രി ടിപി രാമകൃഷ്ണന് ആണ് കാറിന്റെ കീ ജെയ്സലിനു കൈമാറിയത്. ജെയ്സിലിന്റെ ഹൃദയ നന്മയെ അഭിനന്ദിച്ചും, അംഗീകരിച്ചും കൊണ്ട് കാര്‍ സമ്മാനമായി നല്കിയ ഇറാം ഗ്രൂപ്പിനും ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്.