ഇടുക്കി: മഴ ശക്തി പ്രാപിക്കുമ്പോള്‍ ഭയന്നു വിറക്കുന്ന കേരളക്കരയ്ക്കൊപ്പം പോലീസും. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഏത് നിമിഷവും നിലംപൊത്തും എന്ന അവസ്ഥയിലാണ് ഇടുക്കി കുളമാവ് പോലീസ് സ്റ്റേഷന്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ തന്നെ അരക്ഷിതാവസ്ഥയിലാണ് ഇവിടെ കഴിയുന്നത്.
മഴയില്‍ ചോര്‍ന്നൊലിച്ച് ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് കുളമാവ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഓരോ കാറ്റടിക്കുമ്പോഴും പോലീസുകാര്‍ ഭയന്ന് കെട്ടിടത്തിന് പുറത്തിറങ്ങും. സ്ഥിതി ശാന്തമായാല്‍ തിരികെ കയറും. കഴിഞ്ഞ ദിവസം ഇവിടെ മണ്ണിടിച്ചിലുമുണ്ടായി. മണ്ണിനൊപ്പം മരങ്ങളും നിലംപൊത്തുന്നതിനിടയില് നിന്ന് പോലീസുകാര്‍ രക്ഷപ്പെട്ടത് എങ്ങനെയെന്ന് ഇപ്പോഴും ചിന്തിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ക്വാര്‍ട്ടേഴ്സുകളുടെ അവസ്ഥയും ദയനീയമാണ്. ചോര്‍ന്നൊലിക്കുന്ന ഈ കെട്ടത്തിടത്തിലാണ് വനിതാ എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത്. പരാതികള്‍ക്കൊടുവില്‍ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റാന്‍ നടപടിയായി. എന്നാല്‍ കെട്ടിടത്തിന് ഭീഷണിയായി ഏത് നിമിഷം വീഴാമെന്ന നിലയില്‍ നില്ക്കുന്ന സമീപത്തെ സ്കൂള്‍ മതിലിന്റെയടക്കം കാര്യത്തില്‍ തീരുമാനമായിട്ടില്ല. മഴയും കാറ്റും തുടര്‍ന്നാല്‍ ദുരിതം ദുരന്തമാകുമോ എന്ന ആശങ്കയിലാണ് പോലീസുകാരും പ്രതികളും.