കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണയില്‍ കണ്ണീരണിഞ്ഞ് കന്യാസ്ത്രീകള്‍. പണവും സ്വാധിനവും ഉള്ളതുകൊണ്ടാണോ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്ന് അവര്‍ ആരാഞ്ഞു. പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ സഭ ഒന്നു ചെയ്തില്ല, ഇനിയുള്ള പ്രതീക്ഷ കോടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ പറയുന്നു. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്.
സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പോലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. പരാതിപ്പെട്ട കന്യാസ്ത്രീ മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീ പറഞ്ഞു.