കണ്ണൂര്‍: അച്ഛന്റെയും അമ്മയുടെയും വേര്‍പാടില്‍ തനിച്ചായ സഹപാഠിയെയും അനുജനെയും സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ച് ഷിന്‍രാജ്. കുട്ടിക്കാലും മുതല്‍ക്കെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ആത്മസുഹൃത്തുക്കളാണ് ഷിന്രാജും പ്രിയന്തും. കുറച്ചു കാലമായി ക്ലാസില്‍ വരാതിരുന്ന പ്രിയന്തിനെ തിരഞ്ഞ് ഇറങ്ങിയപ്പോഴാണ് അവര്‍ക്ക് ആകെ തുണയായിരുന്ന അമ്മയുടെ വേര്‍പാട് അറിയുന്നത്. ഒരാഴ്ചയായി ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ല. അമ്മയ്കക് അസുഖമാണെന്ന് പറഞ്ഞതു മാത്രമാണ് ഷിന്‍രാജിന്റെ നെഞ്ചിടിപ്പ് കൂട്ടിയത്.
അങ്ങനെയാണ് മുഴുപ്പിലങ്ങാട്ട് പ്രിയന്ത് താമസിക്കുന്ന വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഷിന്‍രാജിന്റെ ഹൃദയത്തില്‍ നിന്നും ചോരപൊടിയുന്നതിനു തുല്ല്യമായിരുന്നു. ആത്മസുഹൃത്ത് പ്രിയന്തിന്റെ കാല് പഴുത്തൊലിക്കുന്നു. ആ വേദനയില്‍ അവന് പറഞ്ഞു അമ്മ പോയി. അതോടെ ഷിന്രാജും മാനസികമായി തളര്‍ന്നു. എന്ത് ചെയ്യണമെന്നറിയാതെ. അച്ഛനില്ല പ്രിയന്തിന്. വളരെ നേരത്തേ മരിച്ചതാണദ്ദേഹം.
രക്ഷിതാക്കളില്ലാതെ അവശനായിക്കഴിയുന്ന കൂട്ടുകാരനെക്കണ്ട് ഷിന്‍രാജ് ചേര്‍ത്തു പിടിച്ച് വിങ്ങിപ്പൊട്ടി. ഷിന്രാജിനൊപ്പമുണ്ടായിരുന്ന അമ്മ ഷജിത പ്രിയന്തിന്റെ മുറിവില്‍ മരുന്നുവെച്ചു കെട്ടി ശ്രുശ്രൂഷിച്ചു. പിന്നെ വീടു തൂത്തുവൃത്തിയാക്കി. കുട്ടികളുടെ വസ്ത്രങ്ങള്‍ അലക്കിയിട്ടു. തിരിച്ചുപോരാനൊരുങ്ങുമ്പോള് ഷിന്‍രാജ് അവരെയും കൂട്ടണമെന്നു വാശിപിടിച്ചു. അമ്മ സമ്മതം മൂളി. പക്ഷേ, അവര്‍ വരാന്‍ കൂട്ടാക്കിയില്ല. രണ്ടുദിവസം കഴിഞ്ഞ് ഷിന്രാജും അമ്മ ഷജിതയും അച്ഛന് എന്‍ടി രാജുവും വീണ്ടുമെത്തി മുഴുപ്പിലങ്ങാട്ടെ വീട്ടില്‍.
അവര്‍ സ്നേഹത്തോടെ നിര്‍ബന്ധിച്ചപ്പോള്‍ പ്രിയന്തും പ്രസന്തും വീടുവിട്ടിറങ്ങി, ഷിന്ജിത്തിന്റെ അഴീക്കോട്ടെ നീര്‍ക്കടവിലെ കൊച്ചുവീട്ടിലേക്ക്. മകനൊപ്പം ഒന്നിച്ചുപഠിക്കാം എന്ന ഷജിതയുടെ വാക്കുകേട്ടാണ് ഇവര്‍ എത്തിയത്. മത്സ്യത്തൊഴിലാളിയാണ് രാജു. ഈ വീട് ഇവരുടെ സ്വന്തമല്ല. ഷജിതയുടെ അമ്മയുടേതാണ്. അമ്മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ടു ‘കൊച്ചുമക്കള്‍’ കൂടിയെത്തിയപ്പോള്‍ അവര്‍ക്കു കൂടി കിടക്കാന്‍ ഇടമൊരുക്കാന്‍ അമ്മൂമ്മ തൊട്ടടുത്തുള്ള ഇളയമകളുടെ വീട്ടിലേക്കു മാറി. രാത്രി ഇവിടെയാണ് അവര്‍ കഴിയുന്നത്.
പഠനത്തില്‍ മിടുക്കരാണ് പ്രിയന്തും ഷിന്രാജും. പ്രിയന്തിന്റെയും പ്രസന്തിന്റെയും സംരക്ഷണം ഏറ്റെടുക്കാന്‍ പലരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എ. പ്രിയന്ത് എന്ന പേരില്‍ കനറാ ബാങ്കിന്റെ അഴീക്കോട് സൗത്ത് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 6301101001575. ഐഎഫ്എസ്കോഡ്-സിഎന്‍ആര്‍ബി0006301.