ചെങ്ങന്നൂര്‍: മുളക്കുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പരസ്പരം മാറി നല്‍കിയതായി പരാതി. മുളക്കുഴ രാജേശ്വരിയില്‍ ഭാസ്ക്കരക്കുറുപ്പ് ( 77), ചെറിയനാട് നാക്കോലയ്ക്കല്‍ നെയ്യാത്ത് മണ്ണില്‍ എന്‍പി ദാനിയേല്‍ (87) എന്നിവരുടെ മൃതദേഹങ്ങള്‍ മാറിപ്പോയതാണ് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്. കാര്യങ്ങള്‍ സങ്കീര്‍ണമായതോടെ ചെങ്ങന്നൂര്‍ പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
സംഭവം ഇങ്ങനെ…
ഭാസ്ക്കരക്കുറുപ്പിന്റെ മൃതദേഹമാണ് ആദ്യം ബന്ധുക്കളെത്തി മോര്‍ച്ചറിയില്‍ നിന്നും വീട്ടിലേക്ക് സംസ്ക്കാര ചടങ്ങിനായി കൊണ്ടുപോയത്. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം എന്‍പി ദാനിയേലിന്റെ മൃതദേഹം എടുക്കുവാനായി ബന്ധുകളെത്തി. എന്നാല്‍ മൃതദേഹം വച്ച സെല്‍ ശൂന്യമായി കണ്ടതോടെ ഇവര്‍ അങ്കലാപ്പിലായി.
ദാനിയലിന്റെ മൃതദേഹം ആറാം നമ്പരിലും, കുറുപ്പിന്റേത് ഒന്നാം നമ്പരിലുമാണ് സൂക്ഷിച്ചിരുന്നത്. മൃതദേഹം കാണാതായതോടെ മോര്‍ച്ചറിയില്‍ സംഘര്‍ഷാവസ്ഥയായി. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചത് അനുസരിച്ച് ചെങ്ങന്നൂര്‍ പോലീസും സ്ഥലത്ത് എത്തി.
അന്വേഷണത്തില്‍ മൃതദേഹങ്ങള്‍ പരസ്പരം മാറിയതായി കണ്ടെത്തിയതോടെ ആശുപത്രി അംബുലന്‍സില്‍ മൃതദേഹവുമായി മുളക്കുഴയിലെ ഭാസ്കരക്കുറിപ്പിന്റെ വീട്ടിലേക്ക് പോലീസും ദാനിയലിന്റെ ബന്ധുകളും കുതിച്ചു.
ഇവര്‍ എത്തുമ്പോഴേക്കും 11 മണിക്ക് വീട്ടുവളപ്പില്‍ നടത്തേണ്ട സംസ്കാര ചടങ്ങുകള്‍ നിര്‍വഹിക്കുന്ന തിരക്കിലായിലായിരുന്നു ബന്ധുകള്‍. ഇവരെ കാര്യങ്ങള്‍ ബോധിപ്പിച്ച് യഥാര്‍ത്ഥ മൃതദേഹങ്ങള്‍ പരസ്പരം ഇവിടെ വെച്ചു മാറ്റിയെടുത്തു. ദാനിയേലിന്റെ സംസ്കാരം പിന്നീട് ഉച്ചയ്ക്ക് 3 ന് പുലിയൂര് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടത്തി.