കോഴിക്കോട്: ഹെല്‍മെറ്റില്ലാതെ വണ്ടിയോടിക്കുന്നവര്‍ക്ക് വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണവുമായി കോഴിക്കോട് സിറ്റി പോലീസ്. ഹെല്‍മെറ്റില്ലാതെ വണ്ടിയോടിക്കുന്നവര്‍ക്ക് ആദ്യം ഉപദേശം നല്കി, പിഴയടിപ്പിച്ച് പോകാന്‍ നേരം തലയില്‍ പുത്തല്‍ ഹെല്‍മെറ്റ് വച്ചു നല്‍കുകയാണ് പോലീസ്.
അതും സൗജന്യമായി തന്നെ. വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ ഹെല്‍മെറ്റ് വച്ച് നല്കുമ്പോള് പിഴയ്ക്കു പുറമെ ഇതിനു വേറെ പണം അടയ്ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ആദ്യം യാത്രികരില്‍ ഉണ്ടായത്. എന്നാല്‍ സൗജന്യമാണെന്ന് അറിയുന്നതോടെ മുഖത്ത് പുഞ്ചിരി വിടരുന്ന കാഴ്ചയുമുണ്ട്.
ഇത്തരമൊരു നടപടി അത്ഭുതപ്പെടുത്തിയെന്നാണ് പിഴയടച്ചവര്‍ പറയുന്നത്. പോലീസ് പിഴയടപ്പിച്ചതിന് ചിലര്‍ സന്തോഷിക്കുന്നത് ഇത് ആദ്യമായിട്ടാവും. ഇങ്ങനെയും ചില മാറ്റങ്ങള്‍ വരുത്താമെന്ന് തെളിയിക്കുകയാണ് കേരള പോലീസ്.