കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടികാഴ്ചയ്ക്കു ശേഷം മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ കണ്ണീര് അഭ്യര്‍ത്ഥനകളുമായി ആരാധകര്‍ രംഗത്ത്. ഏറ്റവും പുതിയ ചിത്രമായ ഒടിയന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചപ്പോഴാണ് അഭ്യര്‍ത്ഥനയുമായി ആരാധകര്‍ എത്തിയത്.
ഫേസ്ബുക്കില്‍ കമന്റ് രൂപേണയാണ് അഭ്യര്‍ത്ഥനകള്‍. മാനുകളുടെ ഇടയില്‍ മോഹന്‍ലാല്‍ നില്ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇതിന്റെ താഴെ മാനുമായും നരിയുമായും സിംഹമായും പുലിയായും കൂട്ടുകൂടിക്കോളു ചാണകങ്ങളുടെ കാളയേയും പശുവിനേയും അടുപ്പിക്കരുത് എന്നുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ അവയെ പിന്തുണച്ച് നിരവധി പേരും എത്തി.
ഈ വയസ്സാന്‍ കാലത്ത് ചാണകത്തില്‍ ചവിട്ടിയാല്‍ കഴുകിയെടുക്കാന്‍ പ്രയാസമാണെന്ന് പരിഹാസരൂപത്തിലുള്ള പ്രതികരണങ്ങളും പോസ്റ്റില്‍ കാണാം. ലാലേട്ടന് ഒരു പാര്‍ട്ടിയിലും ചേരില്ലെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്ന ആരാധകരുടെ കമന്റുകളും കാണാം. സംഭവത്തില്‍ താന്‍ തന്റെ ജോലിയാണ് ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.