കൊച്ചി: പ്രളയക്കെടുതിയില്‍ നഷ്ടപരിഹാരം നല്കുമ്പോള് കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ ആരെന്ന് പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയമിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം.
നഷ്ടപരിഹാരം നല്‍കുന്നത് എന്ത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണെന്ന് ഈ മാസം 19ന് മുമ്പ് അറിയിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. റവന്യു ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം കണക്കാക്കാന്‍ നിര്‍ദേശിച്ചാല്‍ അത് വലിയ കാലതാമസത്തിനും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്ന് കോടതി നിരീക്ഷിച്ചു.
അഴിമതി ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് മുന്‍ഗണനാക്രമവും നാശനഷ്ടത്തിന്റെ തോതും പരിഗണിച്ചായിരിക്കണം. സുതാര്യവും ശാസ്ത്രീയവുമായി ആകണം എല്ലാക്കാര്യങ്ങളും വിലയിരുത്തേണ്ടത്. ആവശ്യമാണെങ്കില്‍ വിദഗ്ധോപദേശം തേടാന്‍ സര്‍ക്കാര്‍ മടിക്കരുതെന്നും കോടതി വ്യക്തമാക്കി.