പാലക്കാട്: തനിയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശി. പരാതിയെക്കുറിച്ച് അറിഞ്ഞത് തന്നെ മാധ്യമങ്ങളില്‍ നിന്നാണ്, ഇത് തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.
എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന് എന്ന ബോധ്യത്തോടെ അതിനെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഡിവൈഎഫ്ഐ വനിതാ നേതാവാണ് പികെശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പാണ് യുവതി എംഎല്‍എ ക്കെതിരെ പരാതി നല്‍കിയത്. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും.