തൃശ്ശൂര്‍: അപകടത്തില്‍ നട്ടെല്ലിന് പരിക്ക് പറ്റി അബോധാവസ്ഥയില്‍ കഴിയുന്ന ഹനാനൊപ്പം ഫേസ്ബുക്ക് ലൈവില്‍ വന്ന യുവാവിനെതിരെ വ്യാപക പ്രതിഷേധം. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ലൈവിട്ട കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ പകര്‍ത്തിയത്.
സംസാരിക്കാന്‍ പാടുപെടുന്ന ഹാനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇയാള്‍ ലൈവിലെത്തിയത്. അപകടത്തിലായ ഹനാന്റെ എക്സ്ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കല്‍ ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാള്‍ വിഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
തനിക്ക് ഒരു കാല് അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെയും ദൃശ്യങ്ങളില്‍ കാണാം. പ്രാഥമിക ചികില്‍സ നടക്കുന്നതിനിടയിലാണ് ഇയാള്‍ ഹനാനെ സമീപിച്ചത്. ഹനാന് നിസാരപരുക്കുകളേയുള്ളൂവെന്നാണ് ഇയാള്‍ ലൈവില്‍ പറയുന്നത്. ഈ വാര്‍ത്ത എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.
കോളേജ് യൂണിഫോമില്‍ മീന്‍ വില്പന നടത്തി ശ്രദ്ധേയയായ ഹനാന്റെ വാഹനം രാവിലെയായിരുന്നു അപകടത്തില്‍പ്പെട്ടത്. ദേശീയപാത 17ല്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് ടൂവീലര്‍ വര്‍ക്ക്ഷോപ്പിന് എതിര്‍വശത്ത് വച്ചാണ് അപകടമുണ്ടായത്. അശ്രദ്ധമായി കാറിന് മുന്നിലേക്ക് ചാടിയ സൈക്കിള്‍ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവര്‍ കാര്‍ വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.