വയനാട്: വയനാട് ജില്ലയില്‍ എലിപ്പനി പടര്‍ന്ന് പിടിക്കുന്നു. ഈ സാഹചര്യത്തില്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ എലിപ്പനി പ്രതിരോധ യജ്ഞവുമായി ആരോഗ്യ വകുപ്പ്. ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്ന് പ്രതിരോധ മരുന്ന് നല്‍കും. ഇതുവരെ 12 പേര്‍ക്കാണ് വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചത്.
എലിപ്പനി സ്ഥിരീകരിച്ച പന്ത്രണ്ടുപേരും വെള്ളപ്പൊക്കമുണ്ടായ പ്രദേശത്തു നിന്നുള്ളവരാണ്. ഇവിടങ്ങളില്‍ നിന്നും പനി ബാധിച്ച് ആശുപത്രിയിലെത്തിയ പതിനഞ്ചുപേര്‍ നരീക്ഷണത്തിലാണ്.
ജില്ലയിലെ പ്രളയബാധിത മേഖലയില്‍ എലിപ്പനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇത് തടയാന്‍ ബോധവല്‍ക്കരണവും പ്രതിരോധമരുന്നുകളുടെ വിതരണവുമാണ് ആരോഗ്യവകുപ്പ് ലക്ഷ്യംവെക്കുന്നത്. നേരിയ പനി തോന്നിയാലും സ്വയചികിത്സയ്ക്ക് മുതിരാതെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദ്ദേശം. കൂടുതല്‍ സൗകര്യത്തിനായി ജില്ലയില്‍ 24 താല്‍ക്കാലിക ഡിസ്പന്സറികള് തുറന്നിട്ടുണ്ട്.