കുട്ടനാട്:കുട്ടനാട്ടില്‍ ബൃഹത് പദ്ധതികളിലൂടെ പ്രതിദിനം വിതരണം ചെയ്യുന്നത് ഒരുകോടി ലക്ഷം ലിറ്റര്‍ വെള്ളം. താലൂക്കിലെ എല്ലാപഞ്ചായത്തുകളിലും വെള്ളമെത്തിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ കുഴല്‍ക്കിണറുകള്‍ മുഖേനയും വള്ളങ്ങളിലും ടാങ്കര്‍ ലോറികളിലും വെള്ളമെത്തിക്കുന്നുണ്ട്. 150ല്‍പ്പരം കിയോസ്ക്കുകളില്‍ വെള്ളം നിറയ്ക്കുന്നു. ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് കുപ്പി വെള്ളമാണ് കുടിക്കാന്‍ നല്‍കിയിരുന്നത്.
ഇപ്പോള്‍ വീടുകളില്‍ എത്തിയവര്‍ക്ക് ടാങ്കറുകളിലും കുഴല്‍ക്കിണറുകളിലും ലഭിക്കുന്ന വെള്ളം ശുദ്ധമാണോയെന്ന് ആശങ്കയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നാണ് വാട്ടര്‍അതോറിറ്റി വ്യക്തമാക്കി.
വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലായി 26 കുഴല്‍ക്കിണര്‍ പദ്ധതികളില്‍ ഇതിനകം വെള്ളമെത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ശുദ്ധമായ ഈ വെള്ളം ഉപയോഗിക്കാന്‍ കഴിയും. കുടിവെള്ളം വീടുകളിലേക്ക് കൊണ്ടുപോകാന്‍ നിലവില്‍ 30 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 26 കുഴല്‍ക്കിണര്‍ പദ്ധതികള്‍ കൂടാതെ കിടങ്ങറ വാട്ടര്‍അതോറിറ്റി ഓഫീസ്, തിരുവല്ല ശുദ്ധീകരണശാല, നീരേറ്റുപുറം ശുദ്ധീകരണ ശാല, കടപ്ര ആലംതുരുത്ത് ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് കുടിവെള്ളം ലഭ്യമാക്കുന്നുണ്ട്.
ആലംതുരുത്തില്നിന്ന് മാന്നാര്‍, വീയപുരം ഭാഗങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാന്‍ സാധിക്കും. ഒമ്പത് ടാങ്കര്‍ലോറികളും രണ്ട് വള്ളങ്ങളിലുമായി കുടിവെള്ള വിതരണം പുരോഗമിക്കുന്നുണ്ട്. കൈനകരിയിലേക്കാണ് വള്ളത്തില്‍ കുടിവെള്ളം എത്തിക്കുന്നത്.