ന്യൂഡല്‍ഹി: സ്ത്രീകള്‍ പീഡിപ്പിക്കുന്നത് തടയുന്നതിനായി വനിതാ കമ്മീഷന് മാതൃകയില്‍ പുരുഷന്മാര്ക്കും സംഘടന വേണമെന്ന ആവശ്യവുമായി ബിജെപി എംപിമാര്‍ രംഗത്ത്. പുരുഷ ആയോഗ് രൂപീകരിക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശിലെ ഖോസിയില്‍നിന്നുള്ള എംപി ഹരിനാരായണ്‍ രാജ്ബര്‍, ഹാര്‍ദോയിയില്‍ നിന്നുള്ള എം.പി അന്‍ഷുല്‍ വര്‍മ എന്നിവരാണ് രംഗത്തെത്തിയത്.
‘പുരുഷ് ആയോഗ്’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. ഇതേ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി.
ഭാര്യമാരില്‍നിന്നു കടുത്ത പീഡനമേല്‍ക്കേണ്ടി വരുന്ന പുരുഷന്മാരുടെ എണ്ണം കൂടിവരികയാണ്. കോടതികള്‍ക്ക് മുന്നിലും ഇത്തരം നിരവധി കേസുകള്‍ എത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ നിയമങ്ങളും മറ്റ് സംവിധാനങ്ങളുമുണ്ട്. എന്നാല്‍, പുരുഷന്മാരുടെ കാര്യം അങ്ങനെയല്ല. അതിനാല്‍ തന്നെ ദേശീയ വനിതാ കമ്മിഷന്റെ മാതൃകയില്‍ പുരുഷന്മാര്ക്കായും ഒരു കമ്മിഷന് വേണം – രാജ്ബര്‍ പറഞ്ഞു.
എല്ലാ സ്ത്രീകളും കുറ്റക്കാരാണെന്നോ എല്ലാ പുരുഷന്മാരും തെറ്റുകാരാണെന്നോ പറയില്ല. എന്നാല്‍, മറ്റുള്ളവരെ ദ്രോഹിക്കുന്ന ആളുകള്‍ ഇരുവിഭാഗങ്ങളിലുമുണ്ട്. അതിനാല്‍ പുരുഷന്മാരുടെ പ്രശ്നങ്ങള്‍ കേട്ട് മനസിലാക്കി പരിഹാരം കാണാന്‍ ഒരു വേദി അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1998നും 2015നും ഇടയില്‍ ഇന്ത്യയി 27 ലക്ഷം പുരുഷന്മാര് സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ മൂലം അറസ്റ്റിലായതെന്ന് അന്‍ഷുല്‍ വര്‍മ പറഞ്ഞു. തുല്യതയ്ക്ക് വേണ്ടിയാണ് തങ്ങള്‍ വാദിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം കേസുകളില്‍ പുരുഷന്മാര്ക്കും നിയമത്തിന്റെ പരിരക്ഷ കിട്ടിയേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.