വിശ്വസുന്ദരി പട്ടം സ്വന്തമാക്കണം, പിന്നീട് നേരെ സിവില്‍ സര്‍വീസിലേക്ക്. മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന, യമഹ ഫാസിനോ മിസ് ദിവാ യൂണിവേഴ്സ് 2018 കിരീടം ചൂടിയ മുംബൈ സ്വദേശി നേഹല്‍ ചുടസമ പറയുന്നു. മോഡലിങില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഈ 22 കാരിയുടെ സ്വപ്നം കലക്ടറാകുകയാണ്. ഡിസംബറില്‍ ബാങ്കോക്കില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ നേഹലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക.
”18 വര്‍ഷമായി മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലെത്തിയിട്ട്. ഇപ്പോള്‍ അതാണ് ലക്ഷ്യം. ബോളിവുഡ് ലോകം മനസില്‍ പോലുമില്ല. സിവില്‍ സര്‍വീസാണ് ലക്ഷ്യം.” നേഹാല്‍ പറഞ്ഞു. 2000ല്‍ ലാറ ദത്തയാണ് ഇന്ത്യയില്‍ നിന്ന് അവസാനമായി മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്.
ഗുജറാത്തിലെ യാഥാസ്ഥിതിക കുടുംബത്തിലാണ് നെഹാലിന്റെ ജനനം. മോഡലിങ് രംഗത്തേക്ക് കടന്നുവരുന്ന കുടുംബത്തിലെ ആദ്യ അംഗം. അതുകൊണ്ട് തന്നെ എതിര്‍പ്പുകളും നിരവധിയുണ്ടായി. പതിമൂന്നാം വയസില്‍ അമ്മയെ നഷ്ടപ്പെട്ടു. മോഡലിങിലേക്ക് വരാന്‍ ആദ്യമൊന്നും അച്ഛന്
സമ്മതിച്ചിരുന്നില്ല. ഒരുപാട് സമയമെടുത്തു അവരത് അംഗീകരിക്കാന്‍ -നെഹാല്‍ പറഞ്ഞു.
സൗന്ദര്യത്തില്‍ മാത്രമല്ല സിവില്‍ സര്‍വീസിലൂടെ ബുദ്ധിശക്തിയിലും കഴിവ് തെളിയിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ സുന്ദരി.