ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണില്‍ തന്റെ തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലേക്ക് വിമാനത്തില്‍ അയച്ച് വാര്‍ത്തകളില്‍ ഇടംനേടിയ കര്ഷകന് ജീവനൊടുക്കിയ നിലയില്‍. അമ്പത്തിയഞ്ചുകാരനായ പപ്പന് സിങ്ങാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.
അദ്ദേഹത്തെ ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹിയിലെ ആലിപോര്‍ മേഖലയിലുള്ള സ്വന്തം വീടിന് മുന്നിലുള്ള ക്ഷേത്രത്തിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് പപ്പന് സിങിന്റെ മൃതദേഹം കണ്ടെത്തിയത്.
also read: കാല്‍വഴുതി വീണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി, രക്ഷകരായെത്തി അഗ്നിരക്ഷാസേന
ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രോഗബാധയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ഇതില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങി കിടന്ന വേളയില്‍ പപ്പന് സിങ് ഗെഹലോട്ട് തന്റെ തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലേക്കയച്ചത് മധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
കോവിഡ് പ്രതിസന്ധി അയഞ്ഞതിന് ശേഷം തൊഴിലാളികളെ അവരുടെ നാട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് എത്തിച്ചതും വിമാനത്തിലായിരുന്നു. ഡല്‍ഹിയിലെ സോനു സൂദ് എന്നും അദ്ദേഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. നടി മാധുരി ദീക്ഷിത് അടക്കം ഒട്ടേറെ പ്രമുഖര്‍ പപ്പന് സിങ്ങിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.