ലഖ്നൗ: ജക്കാര്‍ത്തയില്‍ നടക്കുന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ വെള്ളി മെഡല്‍ നേടിയ സുധാ സിങ്ങിന് ജോലി വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എന്നാല്‍ ഇപ്പോഴെങ്കിലും ഇക്കാര്യം നടന്നല്ലോ എന്നായിരുന്നു സുധയുടെ പ്രതികരണം. സുധയ്ക്ക് 30 ലക്ഷം രൂപയും ഗസറ്റഡ് റാങ്കിലുള്ള ജോലിയും കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാഗ്ദാനം ചെയ്തിരുന്നു.
”ഇതിലിപ്പോള്‍ പ്രത്യേകിച്ച് താന്‍ സന്തോഷിക്കുന്നുമില്ല എന്നാലൊട്ട് ദു:ഖിക്കുന്നുമില്ല. എനിക്ക് ഈ ജോലി നേരത്തെ ലഭിക്കേണ്ടതായിരുന്നു. 2014 മുതല്‍ സ്പോര്‍ട് ക്വാട്ട വഴിയുള്ള നിയമനത്തില്‍ എന്റെ ഫയലുണ്ട്. എന്നിട്ട് ഇപ്പോഴെങ്കിലും ലഭിച്ചല്ലോ”, സുധ പറഞ്ഞു. സുധയ്ക്ക് ഗസറ്റഡ് റാങ്കിലുള്ള ജോലി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഏഷ്യന്‍ ഗെയിംസില്‍ തിങ്കളാഴ്ചയാണ് 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ 32-കാരിയായ സുധ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. 9 മിനിറ്റും 40.03 സെക്കന്റുമെടുത്താണ് സുധ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസ് പൂര്‍ത്തിയാക്കിയത്.
” 2010 ഏഷ്യന്‍ ഗെയിംസില്‍ ഞാന്‍ സ്വര്‍ണ മെഡലും വെള്ളി മെഡലും നേടിയിരുന്നു. ഒളിമ്പിക്സിലും പങ്കെടുത്തു, ഏഷ്യന്‍-ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടി. അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. തനിക്ക് കായിക വകുപ്പില്‍ തന്നെ ജോലി ചെയ്യണമെന്നുണ്ട്. ഡെപ്യൂട്ടി ഡയറക്ടറാകാനുള്ള യോഗ്യതയും തനിക്കുണ്ട് ”, സുധ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയോട് നന്ദിയുണ്ട്, എന്റെ ഫയല്‍ കഴിഞ്ഞ നാലുവര്‍ഷം തീരുമാനമൊന്നും ആകാതെ കിടന്നത് ഒരുപക്ഷേ അദ്ദേഹം അറിഞ്ഞിരിക്കില്ല, മാത്രമല്ല കായിക വകുപ്പിലല്ലാതെ മറ്റൊരു വകുപ്പിലും താന്‍ ജോലിചെയ്യില്ലെന്നും സുധ പറഞ്ഞു.