ബംഗളൂരു: മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. ബംഗളൂരു കാവേരിപുരയിലാണ് സംഭവം. ടാക്സി ഡ്രൈവറായ അശോക് ആണ് ഭാര്യ വനജാക്ഷിയെ (31) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
മൊബൈല്‍ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. ഞായറാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അശോക് വനജാക്ഷിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച വനജാക്ഷിയുടെ സഹോദരന് വീട്ടിലെത്തിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഭാര്യ മൊബൈലില്‍ സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അടുക്കളയില്‍ നിന്ന് വിറകെടുത്ത് മര്‍ദിച്ചതിന് ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കൂടാതെ യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാള്‍ സംശയിക്കുകയും ചെയ്തിരുന്നു. 15 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. വനജാക്ഷി വസ്ത്രനിര്‍മ്മാണശാലയിലാണ് ജോലി ചെയ്തിരുന്നത്.