കോയമ്പത്തൂര്‍: ഫീസടക്കാന്‍ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കോയമ്പത്തൂരില സ്വകാര്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് പോലീസിന്റെ പിടിയിലായത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തിരുപ്പൂര്‍ വീരപാണ്ടി പിരിവിലെ കെ പ്രകാശ് (19), കോയമ്പത്തൂര്‍ പിഎന്‍ പൂതൂരിലെ തമിഴ് എന്ന് വിളിക്കുന്ന കെ തമിഴ് സെല്വന് (21) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 15 ന്, എസ്ഐഎച്ച്എസ് കോളനിയിലെ രാജാത്തിയുടെ നാല് പവന് മാല പിടിച്ചുപറിച്ച് ഇരുവരും രക്ഷപ്പെട്ടിരുന്നു.
സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സിംഗനല്ലൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഈ സംഘം തന്നെയാണ് ഫെബ്രുവരി 25ന് ജിപി റസിഡന്‍സിക്ക് സമീപത്ത് നിന്ന് എഴുപതുകാരിയുടെ നാല് പവന് ആഭരണവും കവര്‍ന്നതെന്ന് സ്ഥിരീകരിച്ചത്.
ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ‘പിടിച്ചുപറിച്ച മാലകള്‍ അമ്മയുടേതാണെന്ന് പറഞ്ഞ് പ്രകാശ് ഒരു കൂട്ടുകാരന് കൈമാറുകയും തുടര്‍ന്ന് അയാള്‍ വഴി ഒരു ലക്ഷം രൂപ ഒപ്പിച്ച ശേഷം കോളേജിലെ ഫീസ് അടയ്ക്കുകയായിരുന്നു.’ – അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
gold theft youth arrested
കോളേജ് ഫീസ് അടയ്ക്കാന്‍ വഴിയില്ലാതെ വന്നതുകൊണ്ടാണ് പിടിച്ചുപറി നടത്തേണ്ടിവന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ മൊഴി നല്കി. രണ്ട് തവണ നടത്തിയ പിടിച്ചുപറിയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് കോളേജിലെ ഫീസ് അടച്ചതായും ഇവര്‍ പറഞ്ഞു. ഇവരില്‍ നിന്നും സ്വര്‍ണമാലകളും പിടിച്ചുപറി നടത്താനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.