ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്. കോവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്ത് അടുത്ത കോവിഡ് തരംഗം ജൂണ്‍ 22നു തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നുമാണ് സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
also read: കേരളത്തില്‍ ഇന്ന് 2524 പേര്‍ക്ക് കോവിഡ്, 5499 പേര്‍ക്ക് രോഗമുക്തി
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,273 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവര്‍ 1,11,472. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 4,29,16,117 ആയി. 243 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,13,724. തുടര്‍ച്ചയായ 20-ാം ദിവസമാണു പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെയാകുന്നത്.
ആകെ കേസുകളുടെ 0.25 ശതമാനം മാത്രമാണു ചികിത്സയിലുള്ളവര്‍ എന്നതും ആശ്വാസകരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.54 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 177.44 കോടി ഡോസ് കോവിഡ് വാക്സീന് വിതരണം ചെയ്തെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.