ചെന്നൈ: തമിഴ്നാട് സർക്കാർ കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പ്രമേയം കൊണ്ടുവന്നത്. ശബ്ദവോട്ടോടെ തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കി.
അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) കാർഷിക നിയമങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. കേന്ദ്രസർക്കാറിനോട് നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കർഷക വിരുദ്ധ നിയമങ്ങളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. ഇതിനെതിരെ പ്രമേയം പാസാക്കണമെന്നാണ് കർഷകരുടെ ആഗ്രഹമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡൽഹി, കേരള, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും കാർഷിക നിയമങ്ങൾക്കെതിരെ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.