ജമ്മുകാശ്മീര്‍: ”എനിക്ക് അച്ഛനെ പോലെയൊരു ഓഫീസറാകണം. അച്ഛന്റെ മരണത്തിന് പ്രതികാരം ചെയ്യണം. അദ്ദേഹത്തിന്റെ ത്യാഗം ജമ്മു കാശ്മീരിന് നല്ലൊരു നാളെ സമ്മാനിക്കും.” കാശ്മീരില്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കാശ്മീര്‍ സ്പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥന് പര്‍വേസ് അഹമ്മദിന്റെ 12കാരനായ മകന് സാഹിലിന്റേതാണ് ഉറച്ച വാക്കുകള്‍.
പര്‍വേസ് അഹമ്മദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ രണ്ട് മക്കളുടെ നിശ്ചയദാര്‍ഢ്യത്തെ ആര്‍ക്കും തകര്‍ക്കാനാവില്ല. പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കില്‍ പോലും തങ്ങളുടെ ഭാവിയെക്കുറിച്ച് മക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അച്ഛനെ പോലെയൊരു ഓഫീസറാകണമെന്നാണ് ഇവരുടെ തീരുമാനം. സാഹിലിന്റെ അനിയന് 8വയസാണ് പ്രായം.
11 അംഗങ്ങളുള്ള വീട്ടിലെ ഏക ആശ്രയമാണ് പര്‍വേസിന്റെ മരണത്തോടെ ഇല്ലാതായത്. ഇനി എന്താണ് ചെയ്യുകയെന്ന് ഈ കുടുംബത്തിന് അറിയില്ല. സഹായത്തിനായി ഇവര്‍ ജമ്മുകാശ്മീര്‍ ഗവണ്മെന്റിനെ സമീപിച്ചിരിക്കുകയാണ്. ബറ്റ്മാലുവില് നടന്ന തീവ്രവാദ ആക്രമണത്തിലാണ് പര്‍വേസ് കൊല്ലപ്പെട്ടത്.